EXCLUSIVE : ലോക്ഡൗൺ നിയന്ത്രണങ്ങളും കൊവിഡ് പ്രോട്ടോക്കോളും കാറ്റില്‍ പറത്തി ‘മിനി ഊട്ടി’യിലേയ്ക്ക് വിനോദസഞ്ചാരികള്‍

Jaihind News Bureau
Monday, June 22, 2020

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചു മലപ്പുറത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മിനി ഊട്ടിയിൽ പ്രതി ദിനം എത്തുന്നത് അഞ്ഞൂറിൽ പരം ആളുകൾ. ആളുകൾ എത്തുന്നത് മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും.   കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇത്രയധികം ആളുകൾ തടിച്ചു കൂടിയിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജയ്ഹിന്ദ് എക്‌സ്‌ക്ലൂസീവ്

കണ്ണമംഗലം പഞ്ചായത്തിൽ ഉൾപ്പടുന്ന പ്രദേശമാണു മിനി ഊട്ടി. ഈ പ്രദേശം മിക്കസമയവും കോടമഞ്ഞിനാൽ മൂടപ്പെട്ടതാണ്, കരിപ്പൂർ വിമാനത്താവളത്തിന്‍റെ ദൃശ്യവും ഈ കുന്നിൻ നിന്ന് കാണാം. ഇതാണ് ആളുകളെ മിനി ഊട്ടിയിലേക്ക് ആകർഷിക്കുന്നത്. ഇവിടെ ദിവസേന പുലർച്ചെ മുതൽ ആളുകളുടെ തിരക്കാണ്. രാവിലെ 5 മണി മുതൽ രാവിലെ 10 വരെയും, വൈകുന്നേരം 4 മണി മുതൽ രാത്രി വരെയുമാണ് കൂടുതൽ ആളുകൾ എത്തുന്നത്. മിനി ഊട്ടിയിൽ ഒരു കിലോമീറ്റർ മുന്നേ വാഹനം നിർത്തി, തൊട്ടടുത്തുള്ള കുന്നിൻ മുകളിലാണ് ആളുകൾ തടിച്ചു കൂടുന്നത്. കൂടുതൽപേരും, എത്തുന്നത് മാസ്‌ക് പോലും ധരിക്കാതെയാണ്. 5 വയസ്സിനു താഴെ പ്രായമുള്ളവരും 65 വയസിനു മുകളിൽ പ്രായമുള്ളവരുമുൾപ്പെടെ ഒരേ സമയം 300 ൽ പരം ആളുകൾ തടിച്ചു കൂടുന്നതും ദൃശ്യങ്ങളിൽ തന്നെ വ്യക്തമാണ്.

എന്നാൽ ഇത് സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമല്ല. പക്ഷേ ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ കോടതിയുള്‍പ്പടെ ലോക്ക്ഡൗൺ സമയത്ത് ശക്തമായ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുമ്പോഴാണ് നിയന്ത്രണങ്ങൾ ലംഘിച്ചു വിനോദത്തിനായി ഇത്രയധികം ആളുകൾ തടിച്ചു കൂടുന്നത്.

അധികൃതർ കണ്ടില്ലന്നു നടിക്കുകയാണെങ്കിൽ ക്ഷണിച്ചു വരുത്തുന്നത് വലിയ ദുരന്തമായിരിക്കും.