താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തും… കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടും : മുല്ലപ്പള്ളി

Jaihind Webdesk
Thursday, September 20, 2018

രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും നന്ദി പറഞ്ഞുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനം തുടങ്ങിയത്. കടുത്ത വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലാണ് കെ.പി.സി.സി. അധ്യക്ഷ പദവി ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശദമായ ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കമാൻഡിന്റെ തീരുമാനമെന്നും ഭാരിച്ചതും ഗൗരവകരവുമായ ഉത്തരവാദിത്വമാണ് തന്നിൽ അർപ്പിതമായിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ദിരഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഈ അവസരത്തിൽ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.കരുണാകരനുമായി വല്ലാത്ത ഹൃദയ ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും കരുണാകരനെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നാടിനെ രക്ഷിക്കാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ. കൂട്ടായ്മയിലൂടേയും സമന്വയത്തിലൂടേയും ലക്ഷ്യത്തിലെത്തും. കോൺഗ്രസാണ് ജീവിതവും സംസ്‌ക്കാരവും. താഴെ തട്ടിലെ പ്രവർത്തകരോടൊപ്പം പ്രയാണമാണ് തന്റെ ലക്ഷ്യമെന്നും അവരിലൂടെ അച്ചടക്കമുള്ള പാർട്ടിയായി കേരളത്തിലെ കോൺഗ്രസ് ശക്തമായി തിരിച്ച് വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ എല്ലാവർക്കും ഇടം ഉണ്ടെന്നും അർഹതയ്ക്ക് അംഗീകാരം കൊടുക്കുന്നതോടൊപ്പം ഉൾപാർട്ടി ജനാധിപത്യം ഉറപ്പ് വരുത്തും. ആരോഗ്യകരമായ വിമർശനം എപ്പോഴും സ്വീകരിക്കുമെന്നും കേരളീയ പൊതു സമൂഹത്തോട് അളവറ്റ നന്ദിയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.