എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു; മുഖ്യമന്ത്രിക്ക് വിവേകമുദിക്കാന്‍ 24 മണിക്കൂര്‍ വേണമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരീക്ഷകൾ ജൂണില്‍ നടത്താനാണ് നിലവില്‍ തീരുമാനം.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ജൂൺ ആദ്യവാരം കേന്ദ്രത്തിന്‍റെ മാർഗ നിർദേശമുണ്ടാകും. അതിന് ശേഷമാകും തീയതി തീരുമാനിക്കുക. സർവകലാശാല പരീക്ഷകൾക്കും മാറ്റമുണ്ടാകും. എസ്.എസ്.എൽ.സി പരീക്ഷകൾ മെയ് 26, 27, 28 തീയതികളിൽ  നടത്താനായിരുന്നു സർക്കാര്‍ തീരുമാനം. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെയുള്ള ദിവസങ്ങളില്‍ നടത്താനും തീരുമാനിച്ചിരുന്നു.

അതേസമയം സർക്കാരിന്‍റെ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണമെന്നും അദ്ദേഹം പരിഹസിച്ചു. സംസ്ഥാനത്ത് പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി, ആരോഗ്യം എന്നിവയെല്ലാം കണക്കിലെടുത്താണ് പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ അതൊന്നും ഗൌനിക്കാന്‍ നേരത്തെ മുഖ്യമന്ത്രി തയാറായില്ല. എന്തായാലും വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

Comments (0)
Add Comment