മുഖ്യമന്ത്രിയും അമേരിക്കന്‍ കമ്പനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം: എം എം ഹസന്‍

Jaihind News Bureau
Friday, April 17, 2020

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് കേരളത്തിലെ ഒന്നര ലക്ഷത്തോളം ആളുകളുടെ വ്യക്തിവിവരങ്ങള്‍ കൈമാറിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രിക്കൊഴിഞ്ഞ് മാറാന്‍ കഴിയില്ലന്ന് കെ പി സി സി മുന്‍ പ്രസിഡന്‍റ് എം എം ഹസന്‍ പറഞ്ഞു. മന്ത്രിസഭയോ, സഹമന്ത്രിമാരോ അറിയാതെ ഒരു ഫയലും പോലും ഉണ്ടാക്കാതെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഉണ്ടാക്കിയ തട്ടിക്കൂട്ട് കരാറാണ് ഇത്. നമ്മുടെ നാട്ടിലെ വ്യക്തിവിവരങ്ങള്‍ എല്ലാം അമേരിക്കന്‍ കമ്പനിക്ക് വിറ്റ് തുലക്കാനുള്ള ഈ നടപടി ശുദ്ധ ജനവഞ്ചനയാണ്. ഡാറ്റാ തട്ടിപ്പ് കേസില്‍ അമേരിക്കയില്‍ നിയമ നടപടി നേരിടുന്ന കമ്പനിയാണ് സ്പ്രിംഗ്‌ളര്‍. 350 കോടി രൂപയുടെ ഡാറ്റാ തട്ടിപ്പ് കേസാണ് ഇവരുടെ പേരില്‍ ഉള്ളത്. ഇത് മറച്ച് വച്ച്‌കൊണ്ടാണ് കേരളത്തിലേക്ക് ഈ കമ്പനിയെ മുഖ്യമന്ത്രിയും സംഘവും കൊണ്ടുവന്നത്.

ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ളത് ഡാറ്റാക്കാണെന്ന് എല്ലാവര്‍ക്കുമറിയാം. സ്വകാര്യത എന്നത് മൗലിവാകാശമാക്കിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ വ്യക്തിവിവരങ്ങള്‍ തട്ടിയെടുക്കാന്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് കൂട്ടുനില്‍ക്കുകയാണ്. ഇത്തരത്തില്‍ എന്ത് ബന്ധമാണ് മുഖ്യമന്ത്രിയും ഈ കമ്പനിയുമായി ഉള്ളതെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ ശക്തമായ ഒരാരോപണം ഉന്നയിച്ചിട്ടും അതിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയതിലൂടെ ഇതില്‍ എന്തോ അഴിമതി നടന്നിട്ടുണ്ടെന്ന് സംശയമുയരുകയാണ്. അത് കൊണ്ട് ഈ സംഭവത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണമെന്നും എം എം ഹസന്‍ പറഞ്ഞു.