സിപിഎമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത; ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സി.പി.എം

Jaihind Webdesk
Monday, October 8, 2018

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച്‌ സിപിഎമ്മില്‍ വീണ്ടും അഭിപ്രായ ഭിന്നത.  മുഖ്യശത്രുവായ ബി.ജെ.പിയെ നേരിടാന്‍ ദേശീയ തലത്തില്‍ വിശാല സഖ്യത്തിനില്ലെന്ന് സി.പി.എം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ്സുമായി സഹകരണമോ ധാരണയോ പാടില്ലെന്നായിരുന്നു ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച രാഷ്ട്രീയ നയരേഖയില്‍ പരാമര്‍ശിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിലൂടെ ഈ ഭാഗം നീക്കിയാണ് റിപോര്‍ട്ട് അംഗീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ്സുമായുള്ള തെരഞ്ഞെടുപ്പ് ധാരണയ്ക്ക് പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ അംഗീകാരം ലഭിച്ചുവെന്നാണു യെച്ചൂരി പക്ഷവും ബംഗാള്‍ ഘടകവും വാദിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പിലെ ധാരണയോ, സഹകരണമോ നടപ്പാക്കുന്നതിനല്ല മറിച്ച്‌ പൊതു വിഷയങ്ങളിലുള്ള യോജിപ്പ് മാത്രമാണ് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതെന്ന് കാരാട്ട് പക്ഷവും കേരളാ ഘടകവും വാദിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സുമായി താതൊരു സഹകരണവും വേണ്ടെന്ന് കഴിഞ്ഞദിവസം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.

സംസ്ഥാനങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ നയം സ്വീകരിക്കും. എന്നാല്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയില്‍ രൂക്ഷമായ തര്‍ക്കം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് ഉണ്ടെങ്കിലും ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയുമായി സഹകരിക്കാനും സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിയതി പ്രഖ്യാപിച്ച മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി-കോണ്‍ഗ്രസ് ഇതര സഖ്യത്തിന് പിന്തുണ നല്‍കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.