സ്പെഷ്യൽ മാര്യേജ് ആക്ട് ; 30 ദിവസത്തെ നോട്ടീസ് കാലയളവില്‍ പുനര്‍വിചിന്തനം വേണമെന്ന് ഹൈക്കോടതി

Jaihind Webdesk
Wednesday, February 1, 2023

കൊച്ചി : സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തിയാക്കണമെന്ന ചട്ടത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് ഹൈക്കോടതി. സാമൂഹിക സ്ഥിതിയിലടക്കം മാറ്റം വന്ന സാഹചര്യത്തിൽ ഇത്തരം ചട്ടങ്ങൾക്കും കാലാനുസൃത മാറ്റം അനിവാര്യമല്ലെയെന്നും കോടതി.

സ്പെഷ്യൽ മാര്യേജ് ആക്ടിലെ നോട്ടീസ് കാലയളവ് ചോദ്യം ചെയ്ത് എറണാകുളം അങ്കമാലി സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് ചട്ടത്തില്‍ മാറ്റം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചത്. സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണം തേടിയ ശേഷം “വിപ്ലവകരമായ മാറ്റങ്ങൾ ആചാരങ്ങളിലും മറ്റും ഉണ്ടായ സ്ഥിതിക്ക് വിവാഹം സാധുവാകുന്നതിനുള്ള നീണ്ട കാലയളവിനെ കുറിച്ച് ചിന്തിക്കപ്പെടേണ്ടതാണെന്നും” ജസ്റ്റിസ് വി.ജി.അരുണ്‍ പറഞ്ഞു.

യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തായിരിക്കെ, നാട്ടിലേക്കെത്തുന്ന ചെറിയ കാലയളവിൽ തന്നെ വിവാഹമുൾപ്പെടെ നടത്തേണ്ടി വരുന്ന സാഹചര്യവും കോടതി ചൂണ്ടിക്കാട്ടി.

നിലവിൽ സ്പെഷ്യൽ മാര്യേജ് ആക്ടിലെ ചട്ടം 5 പ്രകാരം വിവാഹം സാധുവാകുന്നതിന് 30 ദിവസം നോട്ടീസ് കാലയളവ് പൂർത്തീകരിക്കണം. വിവാഹം രജിസ്റ്റർ ചെയ്യുന്ന സ്ഥലപരിധിയിൽ 30 ദിവസമായി താമസിക്കുന്നവരാകണം വധു വരന്മാർ എന്നും നിയമം അനുശാസിക്കുന്നു. ഈ ചട്ടങ്ങളിൽ മാറ്റം വരണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.

അതേസമയം വിവാഹം സംബന്ധിച്ചുള്ള എതിർപ്പുകളടക്കം പരിഗണിക്കുന്നതിന്‍റെ  ഭാഗമായാണ് നോട്ടീസ് കാലയളവെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. തുടർന്ന്, നോട്ടീസ് കാലയളവ് പരിഗണിക്കാതെ വിവാഹം സാധുവാക്കി ഇടക്കാല ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി നിരസിച്ചു. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. വിഷയം ഒരു മാസത്തിനുശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.