പ്രത്യേക പ്രകടനപത്രിക, ന്യായ് പദ്ധതി ; കടലിന്‍റെ മക്കള്‍ക്ക് സാന്ത്വനം പകർന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, February 24, 2021

 

കൊല്ലം : മത്സ്യത്തൊഴിലാളികൾക്കായി യു.ഡി.എഫ് പ്രത്യേക പ്രകടന പത്രിക കൊണ്ടുവരുമെന്നും അധികാരത്തിലെത്തിയാൽ പാവപ്പെട്ട ഒരോ വ്യക്തിക്കും പണം അക്കൗണ്ടില്‍ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ ഗാന്ധി എം.പി. കടലിന്‍റെ മക്കളുടെ ജീവൽസ്പന്ദങ്ങൾ തൊട്ടറിഞ്ഞ് അവരെ നെഞ്ചോട് ചേർത്ത് നീതിയുക്തമായ ജീവിതം മത്സ്യത്തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്താണ് രാഹുൽ ഗാന്ധി കൊല്ലത്തെ തീരമേഖലാ സന്ദർശനം കഴിഞ്ഞ് മടങ്ങിയത്.

പുലർച്ചെ മത്സ്യ തൊഴിലാളികൾക്കൊപ്പം ഉൾക്കടലിൽ പോയി മത്സ്യബന്ധന രീതികൾ കണ്ടറിഞ്ഞ ശേഷമാണ് തങ്കശേരിയിലെ പ്രധാന വേദിയിലേക്ക് രാഹുൽ ഗാന്ധി എത്തിയത്. രണ്ടു മണിക്കൂറോളം അദ്ദേഹം ഉൾക്കടലിൽ മത്സ്യബന്ധനരീതികൾ നേരിട്ട് കണ്ടറിഞ്ഞു. കടലിൽ പോയ തന്‍റെ അനുഭവങ്ങൾ പങ്കുവെച്ചാണ് രാഹുൽ ഗാന്ധി പ്രധാന വേദിയിൽ ആമുഖപ്രഭാഷണം തുടങ്ങിയത്. കടൽ ജീവിതം നേരിട്ട് കണ്ടറിഞ്ഞ താൻ മത്സ്യത്തൊഴിലാളികളെ കഠിനാധ്വാനത്തെ ആരാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

 

സർക്കാർ മത്സ്യ ബന്ധന മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പ്രകടന പത്രിക യു.ഡി.എഫ് കൊണ്ട് വരുമെന്നും പാവപ്പെട്ട ഒരോ വ്യക്തിക്കും പണം അക്കൗണ്ടിൽ എത്തുന്ന ന്യായ് പദ്ധതി കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുമെന്നും മത്സ്യത്തൊഴിലാളികൾ പങ്കുവെച്ച വിവിധ ആശങ്കകൾക്ക് മറുപടിയായി രാഹുൽ ഗാന്ധി എം.പി പറഞ്ഞു.

ഒരു മണിക്കൂർ നേരം ആയിരക്കണക്കിന് മത്സ്യ തൊഴിലാളികൾ പങ്കു വച്ച ആശങ്കകളും ആവലാതികളും സശ്രദ്ധം കേട്ട് നീതിയുക്തമായ ഒരു ജീവിതം അവർക്കു വാഗ്ദാനം നൽകിയാണ് രാഹുൽ ഗാന്ധി മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,  എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എന്‍ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, എന്‍.കെ പ്രേമചന്ദ്രൻ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചു.