സൗദി നൈറ്റ് ക്ളബില്‍ സ്ത്രീ-പുരുഷന്‍മാര്‍ ഒന്നിച്ച് നൃത്തമിട്ടു ; ഉദ്ഘാടന ദിനം ക്ളബ് പൂട്ടിച്ച് ഗവര്‍മെന്റ്; പൂട്ടിച്ചത് ജിദ്ദയിലെ ‘വൈറ്റ് ക്ളബ് ‘

B.S. Shiju
Monday, June 17, 2019

സൗദി ചരിത്രത്തില്‍ ആദ്യമായി ജിദ്ദയില്‍ ആരംഭിച്ച നൈറ്റ് ക്ളബ് ഉദ്ഘാടന ദിനം തന്നെ ഗവര്‍മെന്റ് പൂട്ടിച്ചു. നടപടികള്‍ നിയമാനുസൃതം അല്ലാത്തതിനാലാണ് വൈറ്റ് ക്ളബ് പൂട്ടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ഇതോടെ, വര്‍ഷങ്ങളായി കാത്തിരുന്ന സൗദിയിലെ ആദ്യ ക്ളബിലെ ആദ്യ ആഘോഷം പൂര്‍ത്തിയാക്കാനാകാതെ, ആരാധകര്‍ നിരാശരായി മടങ്ങി.
മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗദി അറേബ്യയില്‍ ഇതുവരെ, നൈറ്റ് ക്ളബുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍, അടുത്ത കാലത്ത് സൗദിയില്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി, സിനിമാ തിയറ്ററുകളും നൈറ്റ് ക്ളബുകളും ആരംഭിക്കാന്‍ ഗവര്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇപ്രകാരം, ആദ്യ നൈറ്റ് ക്ളബിന് ജിദ്ദയിലാണ് അധികൃതര്‍ അനുമതി നല്‍കിയത്. ജിദ്ദ വാട്ടര്‍ഫ്രണ്ടില്‍, ‘വൈറ്റ് ജിദ്ദ’ എന്ന പേരിലാണ് , മദ്യ വില്‍പന ഇല്ലാത്ത, ആദ്യ ക്ളബ് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയത് . ഡാന്‍സ് ഫ്ളോറും ‘ഹലാല്‍ ബാറു’മായി വലിയ പ്രതീക്ഷകളോടെയായിരുന്നു തുടക്കം.

പ്രമുഖ അമേരിക്കന്‍ ഗായകനും നടനുമായ നീ -യോ ആണ് ഉദ്ഘാടകനായി എത്തിയത്. എന്നാല്‍, ഉദ്ഘാടനം ചെയത് ആദ്യ ദിനം തന്നെ, ക്ളബ് പൂട്ടാന്‍ ഉത്തരവ് ഇടുകയായിരുന്നു. ഇതോടെ, ഉദ്ഘാടകന്‍ ട്വിറ്ററിലൂടെ മാപ്പ് പറഞ്ഞ് മടങ്ങി. ക്ളബ് പ്രവര്‍ത്തന നടപടികള്‍ നിയമാനുസൃതം അല്ലാത്തതിനാലാണ് പൂട്ടിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് നൃത്തം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കമെന്നാണ് അറിയുന്നത്. ഇതോടെ, വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരുന്ന ആദ്യ ക്ളബിലെ ആദ്യ ആഘോഷം പൂര്‍ത്തിയാക്കാനാകാതെ, ഇവര്‍ നിരാശരായി മടങ്ങി. ദുബായിലെ മെയ്ദാനിലും ലെബനോന്‍ തലസ്ഥാനമായ ബെയ്റൂട്ടിലും വലിയ ശാഖകളുള്ള, രാജ്യാന്തര നൈറ്റ് ക്ളബ് ഗ്രൂപ്പിന്റേതാണ് വൈറ്റ് ക്ളബ്. ഇതാണ്, ഒറ്റ രാത്രി കൊണ്ട് സൗദി താല്‍ക്കാലികമായി പൂട്ടിച്ചത്.