ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയായി സോണിയ ഗാന്ധി നിയമിതയായി. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് സോണിയാഗാന്ധിയെ അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ച് തീരുമാനമെടുത്തത്. പ്രവര്‍ത്തക സമിതിയോഗത്തില്‍ രാഹുല്‍ഗാന്ധിയുടെ രാജിക്കത്ത് സ്വീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുല്‍ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് സമിതി ഐകകണ്ഠേന അനുമോദിച്ചു.
പ്രവര്‍ത്തക സമിതി ഏകകണ്ഠമായി സോണിയഗാന്ധിയുടെ പേര് അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും. ചര്‍ച്ചകള്‍ക്കൊടുവില്‍ അംഗീകരിക്കുകയുമായിരുന്നു. മൂന്ന് പ്രമേയങ്ങളാണ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പാസ്സാക്കിയത്. പ്രവര്‍ത്തക സമിതിയോഗത്തില്‍ സജീവ ചര്‍ച്ചയായി ജമ്മു കശ്മീരും ലഡാക്കും. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുവിലും കശ്മീരിലും ലഡാക്കിലെയും നിലവിലെ സ്ഥിതിയില്‍ വ്യക്തതത വേണമെന്ന് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ആ പ്രദേശങ്ങളില്‍ നിന്നുള്ള സംഭവങ്ങള്‍ രാജ്യം അറിയുന്നില്ല. അവിടെ കനത്ത തോതില്‍ അക്രമസംഭവങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാജ്യം അറിയുന്നില്ല. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യങ്ങളില്‍ വ്യക്തമായ മറുപടി രാജ്യത്തോട് പറയണം -രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.