പ്രതീക്ഷയുടെ പൊൻപുലരിയായി രാഹുൽ… കോണ്‍ഗ്രസ് അധ്യക്ഷനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്‍റെ മകന്‍

Jaihind Webdesk
Friday, April 26, 2019

രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ വിളക്കായി പ്രകീർത്തിച്ച് പന്ന്യൻ രവീന്ദ്രന്‍റെ മകൻ. പാഠം ഒന്ന് രാഹുൽ എന്ന തലക്കെട്ടോടെ ഫേസ്ബുക്ക് പോസ്റ്റിലാണ് രൂപേഷ് പന്ന്യന്‍റെ കുറിപ്പ്. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി പി സുനീറിനെതിരെ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ കടുത്ത വിമർശനവുമായി ഇടതുപക്ഷം രംഗത്തെത്തിയ സാഹചര്യത്തിൽ രൂപേഷ് പന്ന്യന്‍റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്.

താളുകൾ മറിക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠ പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ എന്നാണ് രൂപേഷ് വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യനന്മയ്ക്കായി നല്ലൊരിന്ത്യക്കായി രാഹുലിനോട് ചേർന്നു നിൽക്കാതെ തങ്ങളെങ്ങിനെ ഹൃദയപക്ഷമാകും എന്നും രൂപേഷ് ചോദിക്കുന്നു.

എൽഡിഎഫ് കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും രാഹുലിന് കരുതലായി ഇടതുപക്ഷം ജയിക്കണം എന്ന സന്ദേശത്തിലൂന്നിയാണ് തന്നെയായിരുന്നു സംസാരിച്ചതെന്നും രൂപേഷ് കുറിച്ചു.

പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ …അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ.. എന്നിങ്ങനെ പോകുന്നു കുറിപ്പ്. വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് രാഹുൽ ഗാന്ധിയെ വിമർശിച്ചതടക്കമുള്ള കാര്യങ്ങളും പോസ്റ്റിലുണ്ട്. പോസ്റ്റ് ചർച്ചയായ സാഹചര്യത്തിൽ രൂപേഷ് വീണ്ടും മറുപടി ആയി നല്‍കിയ പോസ്റ്റിലും രാഹുൽ ഗാന്ധി എന്ന മനുഷ്യന്‍റെ നന്മയെ അടിവരയിട്ടു പറയുന്നുണ്ട്.

പക്വതയുടെയും പാകതയുടെയും ആൾരൂപമായ രാഹുൽ ഗാന്ധിയുടെ നന്മയും ലാളിത്യവും ചങ്കൂറ്റവും എതിർ പാർട്ടികളുടെ പോലും ബഹുമാനം പിടിച്ചു വാങ്ങുന്നതിന്‍റെ ഉത്തമ ഉദാഹരണമാവുകയാണ് രൂപേഷ് പന്ന്യന്റെ ഫേസ് ബുക്ക് പോസ്റ്റ്. മതേതര ചേരിക്കായി കോൺഗ്രസിനൊപ്പം ചേരാമെന്ന് സിപിഎം സിപിഐ ദേശീയ നേതാക്കളിൽ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വങ്ങളാണ് ഇടഞ്ഞു നിൽക്കുന്നത്. ഈ സാഹചര്യത്തിൽ രൂപേഷ് പന്ന്യന്‍റെ കുറിപ്പ് വരും ദിനങ്ങളിലും വലിയ ചർച്ചകൾക്ക് തന്നെ വഴിവെച്ചേക്കും.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം..

പാഠം ഒന്ന് രാഹുൽ …

താളുകൾ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുൽ നിങ്ങൾ…

നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങൾക്ക് മുന്നിലില്ല രാഹുൽ ….

അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാൻ നിങ്ങൾക്കല്ലാതെ മറ്റാർക്കുമാവുന്നില്ലല്ലോ രാഹുൽ..

സമ്പന്നതയുടെ മടിതട്ടിൽ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ..
ദരിദ്രരായി പിറന്നു വീണ്…
സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാൻ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുൽ ..

ബാരാ കോട്ടിൽ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നിൽ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോൾ .. നിങ്ങൾ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുൽ …

വയനാട്ടിൽ പറന്നിറങ്ങിയ നിങ്ങളെ വാക്കുകൾ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേർത്തു പിടിച്ചപ്പോൾ നിങ്ങൾ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏൽപ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുൽ …

നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വർഷങ്ങൾക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയിൽ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുൽ …

ചിരി തൂകും ആ മുഖത്തിന് പിന്നിൽ.. സ്നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്…
വിനയവും ലാളിത്യവും രാജ്യ സ്നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലർപ്പില്ലാതെ എഴുതി ചേർത്തത് ആർക്കും എളുപ്പത്തിൽ വായിക്കാൻ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുൽ…

രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേർന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുൽ …

(LDF കുടുംബയോഗത്തിൽ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാൻ സംസാരിച്ചതും… മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം)

പോസ്റ്റ് ചർച്ചയായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി എന്ന മനുഷ്യന്‍റെ നന്മയെ അടിവരയിട്ട് രൂപേഷ് വീണ്ടും മറുപടി ആയി നല്‍കിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം..

…വാർത്തയിലൊരു തിരുത്ത്…

ഞാനിന്നലെ എഴുതിയ ഒരു FB Post മായി ബന്ധപ്പെട്ട് ഇന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്തയിൽ രാഹുൽ ജയിക്കണം ഇടതുപക്ഷത്തിന് കരുതലായി എന്ന വാർത്ത തെറ്റാണ് …

ഇടതുപക്ഷം ജയിക്കണം
രാഹുലിന് കരുതലായി എന്നായിരുന്നു എന്‍റെ FB Post … അത് മാതൃഭൂമിയിൽ തെറ്റായി വന്നത് അവർ വാർത്ത തയ്യാറാക്കുമ്പോൾ വന്ന പിഴവ് ആയിരിക്കാം….

ഇടതു പക്ഷമാണ് എന്റെ മനസ്സിലെ ഹൃദയപക്ഷം …അത് എന്നും അങ്ങിനെ തന്നെ ആയിരിക്കും …

ആ നന്മ പക്ഷത്തോട് ചേർന്ന് നില്ക്കാതിരിക്കുന്നത് മരണ തുല്ല്യമാണെനിക്ക്….

നാടിന് മുറിവേൽക്കുമ്പോൾ മാറ്റത്തിനായ് തുടിക്കുന്ന ഒരു ഇടത് പക്ഷ ഹൃദയം ആയതു കൊണ്ടായിരിക്കാം രാഹുൽ ഗാന്ധിയെ പ്രതീക്ഷയുടെ പൊൻപുലരിയായി പ്രതീക്ഷയോടെ നോക്കി കണ്ടത് …

രാഹുൽ വയനാട്ടിൽ വന്ന് മത്സരിച്ചത് എല്ലാവരേയും പോലെ എന്റെ പ്രതീക്ഷകൾക്കും മങ്ങലേൽപ്പിച്ചെങ്കിലും….

ഇലക്ഷൻ കഴിഞ്ഞ അവസരത്തിൽ ഇനി രാജ്യരക്ഷക്കായി നമുക്ക് പിന്തുണക്കാവുന്ന നേതാവ് രാഹുൽ എന്ന് മാത്രമാ ഞാൻ പറയാനായി ശ്രമിച്ചത് ….

ഞാൻ എന്റെ കണ്ണുകളാൽ നോക്കി കണ്ട രാഹുൽ നല്ല മനുഷ്യനെന്ന് മാത്രമാ ഞാൻ post ൽ പറയാൻ ശ്രമിച്ചത് … അല്ലാതെ രാഹുൽ മാത്രമാണ് ഇടതുപക്ഷത്തിന് പിന്തുണയേകാവുന്ന ഒരു പ്രതീക്ഷയെന്നായിരുന്നില്ല …. ദേശീയ തലത്തിൽ ഒരു പാട് നേതാക്കൾ കടന്നു വരുമ്പോൾ രാഹുലും അവരിലൊരാളാണ് എന്ന് തന്നെയാണ് എന്റെയും വിശ്വാസം ….

മരണം വരെ ഞാൻ കമ്മ്യൂണിസ്റ്റായിരിക്കും …

സാധാരണക്കാരന്റെ മനസ്സും രക്തവുമാണെന്റെത് … അതിൽ നിന്നുള്ള മാറ്റം മരണ തുല്ല്യമാണ് …

എന്റെ പാർട്ടി ഏതു പക്ഷത്തായാലും ആ പക്ഷമല്ലാതെ മറ്റൊരു പക്ഷമെനിക്കില്ല ..