രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം; ഏപ്രില്‍ 5 ന് യുഡിഎഫിന്‍റെ രാജ്ഭവന്‍ സത്യഗ്രഹം

Jaihind Webdesk
Sunday, April 2, 2023

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍ യുഡിഎഫ് പ്രതിഷേധ സത്യഗ്രഹം നടത്തുമെന്ന് കണ്‍വീനർ എം.എം ഹസന്‍ അറിയിച്ചു. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ അഴിമതിക്കെതിരെയും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് പ്രതിഷേധ സത്യഗ്രഹം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, യുഡിഎഫ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി,പി.ജെ ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, ജി ദേവരാജന്‍, സി.പി ജോണ്‍, എം.കെ മുനീര്‍, പി.എം.എ സലാം, ജോണ്‍ ജോണ്‍, രാജന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് തിടുക്കത്തില്‍ അയോഗ്യനാക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് എം.എം ഹസന്‍ പറഞ്ഞു. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും ഒരു കോടതി വിധിയും അന്തിമല്ലെന്നും അദ്ദേഹം പറഞ്ഞു.  അദാനി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ ചോദ്യം ചെയ്തതും മോദിയും അദാനിയും തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിന് മുന്നില്‍ അനാവരണം ചെയ്തതുമാണ് രാഹുല്‍ ഗാന്ധി ചെയ്ത തെറ്റ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ രാജ്യത്ത് പ്രതിധ്വനിക്കുകയാണ്. അതിന് മറുപടിപറായാതെ മോദിയും ഭരണകൂടവും രാഹുല്‍ വേട്ടയില്‍ വ്യാപൃതരായിരിക്കുകയാണ്. കാലം അതിന് ബാലറ്റിലൂടെ തന്നെ കണക്ക് തീര്‍ക്കും. ജനാധിപത്യത്തില്‍ യജമാനന്‍ ജനങ്ങളാണെന്നും അവരുടെ ഹൃദയത്തിലാണ് രാഹുല്‍ ഗാന്ധിക്ക് സ്ഥാനമെന്നും എം.എം ഹസന്‍ കൂട്ടിച്ചേർത്തു.