40 അടിയില്‍ കുഴിച്ചുമൂടിയാലും മണത്തറിയും; കേരള പോലീസിന്‍റെ അഭിമാനമായി മായയും മർഫിയും

Jaihind Webdesk
Saturday, October 15, 2022

തിരുവനന്തപുരം: കേരള പോലീസിന്‍റെ അഭിമാനമാണ് മായ, മർഫി എന്നീ പോലീസ് നായ്ക്കൾ. 2020 മാർച്ചിൽ സേനയിൽ ചേർന്ന ഈ നായ്ക്കൾ ബൽജിയം മൽനോയിസ് എന്ന വിഭാഗത്തിൽ പെട്ടതാണ്. രണ്ട് ബാച്ചുകളിലായി പരിശീലനം നേടിയ 35 നായ്ക്കളിൽപ്പെട്ടവയാണ് ഇവ. മണ്ണിനടിയിലെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലനമാണ് ഇവയ്ക്ക് ലഭിച്ചിട്ടുളളത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താൻ ഈ നായ്ക്കൾക്ക് കഴിയും.

തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മർഫിയും പരിശീലനം നേടിയത്.
ഊർജ്വസ്വലതയിലും ബുദ്ധികൂർമ്മതയിലും വളരെ മുന്നിലാണ് ബൽജിയം മൽനോയിസ് എന്ന വിഭാഗത്തിൽ പെട്ട ഈ നായ്ക്കൾ. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യാൻ ഇവയ്ക്ക് കഴിയും. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയിൽ എട്ട് മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്താൻ മായയോടൊപ്പം മർഫിയും ഉണ്ടായിരുന്നു.

കേരളാപോലീസിൽ ബൽജിയം മൽനോയിസ് വിഭാഗത്തിൽപ്പെട്ട 36 നായ്ക്കളാണ് ഉളളത്. അവയിൽ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കർ വിഭാഗത്തിൽപ്പെട്ടവയാണ്. 13 നായ്ക്കളെ സ്‌ഫോടക വസ്തുക്കൾ കണ്ടെത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മർഫിയും കൂടാതെ എയ്ഞ്ചൽ എന്ന നായ കൂടി മൃതദേഹങ്ങൾ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.

ഹവിൽദാർ പി പ്രഭാതും പോലീസ് കോൺസ്റ്റബിൾ ബോണി ബാബുവുമാണ് മായയുടെ പരിശീലകർ. മർഫിയെ പരിപാലിക്കുന്നത് സിവിൽ പോലീസ് ഓഫീസർ ജോർജ് മാനുവൽ കെ.എസ്, പോലീസ് കോൺസ്റ്റബിൾ നിഖിൽകൃഷ്ണ കെ.ജി എന്നിവരാണ്. സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്‌ക്വാഡുകളാണ് നിലവിലുളളത്. എഡിജിപി എം.ആർ അജിത് കുമാറിന്‍റെ നിയന്ത്രണത്തിലുളള കെ 9 സ്‌ക്വാഡെന്ന പോലീസ് ശ്വാന വിഭാഗത്തിന്‍റെ ഡെപ്യൂട്ടി നോഡൽ ഓഫീസർ ദക്ഷിണ മേഖലാ ഐ.ജി പി പ്രകാശ് ആണ്. കെഎപി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് എസ് സുരേഷിനാണ് ഡോഗ് സ്‌ക്വാഡിന്‍റെ ചുമതല.