തൂക്കുകയർ കണ്‍മുന്നില്‍ ; ഉറങ്ങാനാവാതെ നിർഭയ പ്രതികളുടെ അന്ത്യരാത്രി; കുളിച്ചില്ല, അവസാന ഭക്ഷണവും കഴിക്കാനായില്ല

Jaihind News Bureau
Friday, March 20, 2020

കഴുമരം കണ്‍മുന്നില്‍ കണ്ട് ഉറങ്ങാനാകാതെ രാജ്യ മനസാക്ഷിയെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ അവസാന രാത്രി. തിഹാർ ജയിലിലെ വ്യത്യസ്ത സെല്ലുകളില്‍ ഉറക്കം നഷ്ടമായി നാല് പ്രതികള്‍ കഴുമരം കാത്തിരുന്നു. അവസാനത്തെ കുളിയും ആഹാരവും നിരസിച്ചു. ഒടുവില്‍ ഇന്ന് പുലർച്ചെ 5.30 ന് തൂക്കുകയറില്‍ ഒന്നിച്ച് അന്ത്യവിധി. ഇവരില്‍ നിന്ന് പൈശാചികമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ നിർഭയയുടെ ആത്മാവിനെങ്കിലും നീതി ലഭിച്ചിരിക്കാം.

അവസാന നിമിഷം വരെ ജീവൻ തീവ്ര പരിശ്രമം നടത്തിയാണ് രാജ്യ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസിലെ പ്രതികൾ വധശിക്ഷയ്ക്ക് കീഴടങ്ങിയത്. തൂക്കിലേറ്റുന്നതിന് മണിക്കൂറുകള്‍ മുമ്പ് പോലും കോടതി വഴി നടത്തിയ നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പ്രതികളുടെ ശിക്ഷ നടപ്പായത്. നിയമതടസങ്ങള്‍ ഒന്നും ഇല്ലെന്ന് ഉറപ്പാക്കിയതോടെ ജയിലധികൃതർ വധശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി ജയിലിന്‍റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചു. ഉദ്യോഗസ്ഥര്‍ അവസാനവട്ട യോഗം ചേര്‍ന്നു. ആരാച്ചാരെത്തി വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.

കുറ്റവാളികളെ നാലുപേരെയും ജയിൽ ‍ഡോക്ടർമാർ പരിശോധിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. ജയിൽ സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, റെസിഡന്‍റ് മെഡിക്കൽ ഓഫിസർ, ജില്ലാ മജിസ്ട്രേറ്റ്, ഒരു ജയിൽ ജീവനക്കാരൻ എന്നിവര്‍ ഇതിനെല്ലാം സാക്ഷിയായി. കൃത്യം നാല് മണിക്ക് തന്നെ ജയിൽ ഉദ്യോഗസ്ഥര്‍ എത്തി പ്രതികളോട് കുളിക്കാൻ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ ഇതിന് തയാറായില്ല. മതഗ്രന്ഥം വായിക്കാനോ പ്രാതല്‍ കഴിക്കാനോ പ്രതികള്‍ തയാറായില്ല. കുടുംബാംഗങ്ങളെ കാണണമെന്ന് പ്രതികള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ചട്ടം അനുവദിക്കാത്തതിനാല്‍ അത് സാധ്യമായില്ല. നാലരയോടെ പ്രതികളുടെ വൈദ്യപരിശോധനാ നടപടികൾ പൂര്‍ത്തിയാക്കി.

തുടർന്ന് കറുത്ത പരുത്തി തുണികൊണ്ട് മുഖം മറച്ച് കൈകൾ പുറകിൽ കെട്ടി പ്രതികളെ കഴുമരത്തിന് അടുത്ത് എത്തിച്ചു. തൂക്കിലേറ്റിയതിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം അര മണിക്കൂര്‍ മൃതദേഹം കഴുമരത്തിൽ തൂങ്ങിക്കിടന്നു. തുടർന്ന് ഡോക്ടർ പരിശോധിച്ച് മരണം ഉറപ്പുവരുത്തി. പോസ്റ്റ്മോർട്ടത്തിനായി ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്കു മാറ്റി. അഞ്ചംഗ സംഘം പോസ്റ്റ്മോർട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിംഗ് എന്നീ പ്രതികള്‍ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്‍റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. അക്ഷയ് താക്കൂർ ജോലി ചെയ്യാന്‍ വിസമ്മതിച്ചു. പ്രതികളുടെ വസ്തുക്കളും കുടുംബത്തിന് അയച്ചുകൊടുക്കും.

2012 ഡിസംബർ 16നാണ് രാജ്യത്തിന്‍റെ മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറ് പ്രതികളാണ് പിടിയിലായത്. പ്രതികളിൽ ഒരാളായ രാംസിംഗ് ജയിൽവാസത്തിനിടെ ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതി മൂന്ന് വർഷത്തെ തടവിന് ശേഷം ജയിൽമോചിതനായി. മറ്റ് നാല് പ്രതികൾക്കാണ് ഇപ്പോള്‍ വധശിക്ഷ ലഭിച്ചത്. ക്രൂരപീഡനം ഏറ്റുവാങ്ങിയ പെണ്‍കുട്ടി ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതിയ ശേഷം ഡിസംബർ 29 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുറ്റം നടന്ന് ഏഴ് വർഷവും മൂന്ന് മാസവും കഴിഞ്ഞാണു ശിക്ഷ നടപ്പാക്കിയത്.