ഇഡിക്കെതിരെ തടസ്സഹർജിയുമായി എം.ശിവശങ്കർ സുപ്രീംകോടതിയിൽ

Jaihind News Bureau
Thursday, February 11, 2021

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഇഡിക്കെതിരെ സുപ്രീംകോടതിയിൽ തടസ്സഹർജി നൽകി. ഇഡി നൽകിയ ഹർജിക്ക് മുമ്പ് തന്‍റെ വാദം കേൾക്കണമെന്ന് ആവശ്യം. സ്വർണക്കടത്തടക്കം മൂന്ന് കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് ശിവശങ്കർ ഇഡിക്കെതിരെ സുപ്രീംകോടതിയെ സമീപ്പിച്ചിരിക്കുന്നത്.

ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് ആവശ്യം.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവര്‍ക്കെതിരെയും ശിവശങ്കറിനെതിരെയും ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ഇഡി പറയുന്നത്. അന്വേഷണം പ്രധാനഘട്ടത്തിലൂടെ പോകുമ്പോഴാണ് ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നൽകിയതെന്നും സുപ്രീംകോടതിയിലെ ഹര്‍ജിയിൽ പറയുന്നു. സോളിസിറ്റര്‍ ജനറൽ തുഷാര്‍ മേത്തയെ കേസിൽ ഹാജരാക്കാനുള്ള നീക്കങ്ങളും ഇഡി നടത്തുന്നുണ്ട്.

ഇഡിക്ക് പിന്നാലെ കസ്റ്റംസും സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്.