വന്യമൃഗശല്യം നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Wednesday, December 29, 2021


മാനന്തവാടി :വന്യമൃഗ ആക്രമണം മൂലം വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും കൃഷി നാശവും മനുഷ്യനാശവും ഉണ്ടാകുമ്പോൾ സർക്കാർ കൊടുക്കുന്ന നഷ്ട പരിഹാരം വർദ്ധിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

കടുവ ശല്യം പരിഹരിക്കുക, വന്യമൃഗശല്യത്തിന് ഇരയാകുന്നവർക്കുള്ള നഷ്ട പരിഹാര തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ എട്ട് ദിവസമായി യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2004 ൽ നിശ്ചയിച്ച നഷ്ടപരിഹാര തുകയാണ് നിലവിൽ നൽകുന്നത്. ഇത് അപര്യാപ്തമാണ്. വന്യമൃഗശല്യം ഇല്ലാതാക്കാൻ സർക്കാർ മാർഗം തേടണം. ഈ വിഷയം മന്ത്രി ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ പല ഭാഗത്തും വന്യമൃഗശല്യം രൂക്ഷമാണ്. ഈ ഘട്ടത്തിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജനങ്ങൾക്ക് ഉത്കണ്ഠ ഉണ്ടന്നും അദ്ദേഹം പറഞ്ഞു.

നിയമ സഭക്കകത്തും പുറത്തും ഈ വിഷയം ഉന്നയിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഡ്വ.എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. എട്ടാം ദിവസമായ ഇന്ന് യു.ഡി.എഫിൻ്റെ പത്തോളം നേതാക്കൾ കൂട്ട സത്യാഗ്രഹമാണ് നടത്തുന്നത്. സമരത്തെ അഭിസംബോധന ചെയ്ത് വിവിധ ഘടക കക്ഷി നേതാക്കൾ പ്രസംഗിച്ചു.