ഷെയ്ഖ് ഹംദാന്‍ വിടവാങ്ങി : 10 ദിവസം ദുഃഖാചരണം ; മൂന്നു ദിവസം അവധി ; വിടവാങ്ങിയത് 50 വര്‍ഷത്തോളം യുഎഇ ധനമന്ത്രിയായ ഭരണാധികാരി

B.S. Shiju
Wednesday, March 24, 2021

 

ദുബായ് : യുഎഇ ധനകാര്യ മന്ത്രിയും ദുബായ് ഉപ ഭരണാധികാരിയുമായ, ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്.

ഷെയ്ഖ് മുഹമ്മദാണു വിയോഗ വാര്‍ത്ത രാവിലെ ലോകത്തെ അറിയിച്ചത്. രാജ്യത്ത് 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അനുശോചന സൂചകമായി ദുബായില്‍ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. ഗവ.വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 25 മുതല്‍ 3 ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ഇന്ന് മഗ് രിബ് എന്ന സായാഹ്ന നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കും. കോവിഡ് വ്യാപനം പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ക്കു മാത്രമേ പങ്കെടുക്കാനാകൂ. കുറച്ചു മാസങ്ങളായി അസുഖ ബാധിതനായിരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. സഹോദരന് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മാര്‍ച്ച് 9ന് അദ്ദേഹം അറിയിച്ചിരുന്നു.

1971 ഡിസംബര്‍ 9ന് ആദ്യ യുഎഇ മന്ത്രിസഭ മുതല്‍ ഷെയ്ഖ് ഹംദാനാണ് ധനകാര്യമന്ത്രി. മരിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു. രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം, ധനകാര്യനയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍, ദുബായ് മുനിസിപ്പാലിറ്റി, പ്രകൃതിവാതക കമ്പനി തുടങ്ങിയവയുടെ ചുമതലയും നിര്‍വഹിച്ചു. ഷെയ്ഖ് ഹംദാന്റെ മരണത്തില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധിപന്‍മാര്‍ അനുശോചിച്ചു. യുഎഇയിലെ സമ്പദ്വ്യവസ്ഥയെയും തൊഴില്‍ കമ്പോളത്തെയും സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഭരണാധികാരി കൂടിയാണ് വിടവാങ്ങിയത്.