കൊച്ചി/തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും ഇരുവരുടെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു.
കൊലപാതകത്തിൽ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവന് നിർമലകുമാരന്‍ നായരും ജാമ്യാപേക്ഷയിൽ പറഞ്ഞത്. കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നും വിഷക്കുപ്പി ഒളിപ്പിച്ചു എന്നത് കെട്ടിച്ചമച്ച ആരോപണമാണെന്നും ജാമ്യഹർജിയില്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമാണെന്നും ഇനിയും കസ്റ്റഡിയിൽ തുടരുന്നത് ഉപജീവനമാർഗം ഇല്ലാതാക്കുമെന്നും പ്രതികൾ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
എന്നാല്‍ പ്രതികൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിൽ ആയതിനാൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. കോളേജ് വിദ്യാര്‍ത്ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോടു പിന്മാറാന് ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ വന്നതോടെ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
സിന്ധുവും സഹോദരന് നിര്‍മലകുമാരന്‍ നായരും ഷാരോണ്‍ കൊലക്കേസിലെ രണ്ടും മൂന്നും പ്രതികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് പുറമേ തെളിവ് നശിപ്പിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ഷാരോണിന്റെ കാമുകിയായിരുന്ന ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി. ഒക്ടോബർ 14ന് വീട്ടിൽ വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലർത്തിയാണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർന്ന് കടുത്ത ഛർദ്ദിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ വൃക്കയുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ദ്രവിച്ച് 25നാണ് മരിക്കുന്നത്. ക്രൈം ബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നല്കി കൊന്നതാണെന്ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.