ഷാരോണ്‍ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്; ജനൽ ചില്ലുകള്‍ തകർന്നു

Jaihind Webdesk
Tuesday, November 1, 2022

തിരുവനന്തപുരം: ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി  ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഷാരോണിന്‍റെ മരണം കൊലപാതകമാണെന്നും ഗ്രീഷ്മ വിഷം നല്‍കിയതാണെന്നും തെളിഞ്ഞതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. രാമവർമൻചിറ പുപ്പള്ളികോണത്തെ ശ്രീ നിലയം എന്ന് പേരുള്ള വീടിനു നേർക്ക് ഞായറാഴ്ച രാത്രി രണ്ടു മണിയോടെയാണ് അക്രമം നടന്നത്. കല്ലേറിൽ വീടിന്‍റെ മുൻവശത്തെ  ജനൽ ചില്ലുകൾ തകർന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. രണ്ടുപേർ ബൈക്കിലെത്തിയതായി സമീപവാസികള്‍ പറയുന്നു.

അതേസമയം ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്‍റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്മ ആർ നായരുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെ പ്രതി ചേർത്തത്. അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു പ്രാവശ്യം കൂടി പോലീസ് ചോദ്യം ചെയ്യും. തെളിവ് നശിപ്പിച്ചതിൽ ഇവർക്കും പങ്കുണ്ടെന്ന സംശയത്തിലാണ് പോലീസ്. ഇവരെ ഇന്ന് രാമവർമൻ ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തേക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി അന്വേഷണസംഘം ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയ്ക്കായി സംഭവദിവസം ഷാരോണ്‍ ധരിച്ചിരുന്ന വസ്ത്രം ഹാജരാക്കാന്‍ ക്രൈം ബ്രാഞ്ച് സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഷാരോണിന്‍റെ ഫോണും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.

കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആത്മഹത്യാശ്രമം നടത്തിയ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആത്മഹത്യാശ്രമം നടത്തിയ പ്രതിയുടെ ആരോഗ്യ സ്ഥിതി നോക്കി ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റിയേക്കും. ഗ്രീഷ്മയെ കസ്റ്റഡിയിൽ ലഭിക്കാനുള്ള അപേക്ഷ പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ നൽകും.