‘മന്ത്രിയും ഒരു സ്ത്രീയല്ലേ… പ്രസവ വേദന എന്തെന്ന് അറിയില്ലേ… മക്കള്‍ നഷ്ടപ്പെട്ട ഞങ്ങൾക്ക് നീതിയുമില്ലേ?’ : കണ്ണീരോടെ ഷെരീഫ് | Video

 

പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രിയോട് കണ്ണീരോടെ ചോദ്യങ്ങളുമായി പിതാവ്. ആശുപത്രിയെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടെന്നും ഷെരീഫ് സങ്കടത്തോടെ പറയുന്നു. സമൂഹ മനസാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആരോഗ്യമന്ത്രിയുടെ നിലപാട് വഞ്ചനാപരമാണെന്നും കുട്ടികളുടെ പിതാവ് കണ്ണീരോടെ ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.

കുട്ടികളുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ഏകപക്ഷീയമായ റിപ്പോർട്ടിലൂടെ ആരോഗ്യമന്ത്രി വഞ്ചിക്കുകയാണ് ചെയ്യുന്നത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ട് അതുപോലെ വായിക്കുകയാണ് മന്ത്രി ചെയ്തത്. പരാതിക്കാരായ തങ്ങളുടെ ഭാഗം കേൾക്കുക പോലും ചെയ്തില്ലെന്നും ഷെരീഫ് പറയുന്നു.

കരഞ്ഞുകൊണ്ടാണ് ഷെരീഫ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചത്. മന്ത്രി  ശൈലജയും ഒരു സ്ത്രീയല്ലേ… പ്രസവവേദന എന്തെന്ത് അവർക്ക് അറിയില്ലേ… രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട് തകർന്ന അവസ്ഥയിലാണുള്ളത്. ഇതുപോലും ഓർക്കാതെ വീണ്ടും ദ്രോഹിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. മന്ത്രിയെ തുടർച്ചയായി വിളിച്ചിട്ടും ഫോൺ എടുക്കാൻ തയാറായില്ല. പരാതിക്കാരായ ഞങ്ങളോട് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയത്. പ്രസവവേദന അനുഭവിക്കുന്ന ഒരാൾക്ക് മണിക്കൂറുകളോളമാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. എന്നിട്ടും ബന്ധുക്കൾ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി എന്നാണ് റിപ്പോർട്ടിലെ പരാമർശം. ഒരു സ്ത്രീയായിട്ടുപോലും ഈ വിഷമം മനസിലാക്കാത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജ തട്ടിപ്പ് നടത്തുകയാണെന്നും ഷെരീഫ് പ്രതികരിച്ചു. ഞങ്ങളുടെ കുട്ടികൾ നഷ്ടപ്പെട്ടു. നീതി നിഷേധിക്കപ്പെട്ടെന്നും ഇനിയെങ്കിലും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷെരീഫ് വിങ്ങലോടെ പറയുന്നു.

 

https://www.youtube.com/watch?v=C7fknWn1nGo

Comments (0)
Add Comment