രാഹുലിന്‍റെ വെള്ള ടീ ഷർട്ടിന്‍റെ രഹസ്യം? പ്രചാരണത്തിനിടെ മല്ലികാർജുന്‍ ഖാർഗെയും സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയെ കണ്ടുമുട്ടിയപ്പോള്‍ | VIDEO

 

ബംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിരക്കിനിടെ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുചേർന്നപ്പോൾ ചർച്ചയായത് പ്രചാരണവിശേഷങ്ങൾ തന്നെ. അഭിമുഖ സംഭാഷണത്തിന് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്തപ്പോള്‍ മുതിർന്ന നേതാക്കള്‍ മറുപടിയുമായി ഒപ്പം ചേർന്നു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകളില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചു.

രാഹുൽ ഗാന്ധി സ്ഥിരമായി ധരിക്കുന്ന വെള്ള നിറത്തിലുള്ള ടീ ഷർട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് ഹെലികോപ്റ്ററിലേക്ക് കയറുന്നതിനിടെ മറുപടി.

“സുതാര്യതയും ലാളിത്യവും. വളരെ ലളിതമായിരിക്കണം എന്‍റെ വസ്ത്രങ്ങളെന്ന് നിർബന്ധമുണ്ട്. അതിനപ്പുറം വസ്ത്രധാരണത്തിന് ഞാൻ അമിത പ്രാധാന്യം കൊടുക്കാറില്ല”

പ്രചാരണത്തിലെ നല്ലതും ചീത്തയുമെന്ന തോന്നിയിട്ടുള്ളത് എന്താണെന്ന് മല്ലികാർജുൻ ഖാർഗെയോട് രാഹുൽ ഗാന്ധിയുടെ ചോദ്യം.

“വാസ്തവത്തിൽ ചീത്തയായി ഒന്നുമില്ല. ഇതെല്ലാം നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്നത് നല്ല കാര്യമാണ്. രാജ്യത്തെ ഇല്ലാതാക്കുന്ന ഒരാളെ തടയാൻ വേണ്ടിയാണ് ഇതെല്ലാമെന്നത് തീർച്ചയായും നല്ല കാര്യമായി കാണുന്നു” – മല്ലികാർജുന്‍ ഖാർഗെയുടെ മറുപടി.

അധികാരമോ പ്രത്യയശാസ്ത്രമോ? കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടായിരുന്നു രാഹുലിന്‍റെ അടുത്ത ചോദ്യം.

“പ്രത്യയശാസ്ത്രം” – സിദ്ധരാമയ്യയുടെ മറുപടി ഉടനെ വന്നു. പിന്നാലെ വിശദീകരണം.

“പ്രത്യയശാസ്ത്രം തന്നെയാണ് എപ്പോഴും പ്രധാനം. ജനങ്ങൾക്ക് മുന്നിൽ നാം അവതരിപ്പിക്കുന്നത് പാർട്ടിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളുമാണ്. അധികാരത്തിലെത്തുമ്പോൾ ജനങ്ങളോട് നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയാനാകണം. അങ്ങനെയെങ്കിൽ തീർച്ചയായും ജനം നമ്മെ അംഗീകരിക്കുകയും നമ്മുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യും”

ഇത്രയുമായപ്പോൾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ ഇടപെടല്‍.

“അധികാരം വരുകയും പോവുകയും ചെയ്യും. എന്നാൽ പ്രത്യയശാസ്ത്രത്തെ മുറുകെപിടിക്കുക എന്നതാണ് വലിയ കാര്യം. നമ്മുടെ നേതാക്കൾ പ്രത്യയശാസ്ത്രത്തിനായി ത്യാഗം സഹിച്ചവരാണ്” – ഖാർഗെ പറഞ്ഞു.

രണ്ടുപേരും പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നതായി രാഹുൽ ഗാന്ധി.

“ഖാർഗെജിയും സിദ്ധരാമയ്യജിയും പറഞ്ഞതിനോട് ഞാൻ പൂർണമായും യോജിക്കുന്നു. പ്രത്യയശാസ്ത്രത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെ നമുക്ക് വലിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനോ അധികാരത്തിലേക്കെത്താനോ ആവില്ല. നമ്മുടെ പ്രത്യയശാസ്ത്രം എല്ലാവരെയും സമഭാവനയോടെ തുല്യരായി കണക്കാക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയ പോരാട്ടം എന്നത് എപ്പോഴും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണ്” – രാഹുല്‍ വിശദീകരിച്ചു.

പ്രചാരണത്തിലെ ഏറ്റവും നല്ല ഭാഗം ഏതെന്ന ചോദ്യത്തിന് ”അത് അവസാനിക്കുമ്പോൾ” എന്ന് രാഹുലിന്‍റെ മറുപടി.

തിരഞ്ഞെടുപ്പ് പ്രചാരണം എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഭാരത് ജോഡോ യാത്രയുടെ അത്ര കടുപ്പമേറിയതല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് 70 ദിവസങ്ങൾ ആകുന്നു. ഭാരത് ജോഡോ യാത്ര എന്നത് ഒരു പ്രചാരണമായിരുന്നില്ല. പക്ഷെ ഇതിനെക്കാൾ കടുപ്പമേറിയ ഒരു ജോലി ആയിരുന്നു അത്. പ്രസംഗിക്കാൻ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നു. രാജ്യത്തിന് എന്താണ് ആവശ്യമെന്ന് ഒരാളെ ചിന്തിപ്പിക്കാൻ അതുകൊണ്ട് സാധിക്കുന്നു” – രാഹുൽ ഗാന്ധി പറഞ്ഞു.

കർണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് രണ്ടു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26-ന് ഒന്നാം ഘട്ടത്തിൽ 14 മണ്ഡലങ്ങൾ വിധിയെഴുതി. ബാക്കിയുള്ള 14 സീറ്റുകളിലേക്ക് മെയ് 7 നാണ് തിരഞ്ഞെടുപ്പ്. ജൂൺ നാലിനാണ് രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ കണ്ടുമുട്ടിയപ്പോഴായിരുന്നു തിരക്കിട്ട ‘തിരഞ്ഞെടുപ്പ് ചാറ്റ്’ നടന്നത്..

 

Comments (0)
Add Comment