ഡ്രെയ്നേജില്ല, പഴയ ടാറിംഗ് പൊളിച്ചുമാറ്റിയില്ല; 2 കോടി 70 ലക്ഷം മുടക്കി അശാസ്ത്രീയ റോഡുപണി: ദുരിതത്തിലായ നാട്ടുകാർ സമരത്തിന്

 

മലപ്പുറം: അശാസ്ത്രീയമായ റോഡുപണിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. 2 കോടി 70 ലക്ഷം രൂപ മുടക്കി ചെയ്യുന്ന മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മുതൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ വടക്കുംമുറി വരെയുള്ള 1800 മീറ്റർ റോഡ് പണിക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയത്.

മലപ്പുറം ജില്ലയിൽ നിന്നും ഏറ്റവും എളുപ്പത്തിൽ  മലയോര മേഖലയിലെ പ്രമുഖ ടൂറിസ്റ്റു കേന്ദ്രങ്ങമായ കക്കാടം പൊയിൽ, തുഷാര ഗിരി, വയനാട് തുടങ്ങിയ സ്‌ഥലങ്ങലിലേക്ക് പോകുന്ന റോഡാണ് ഇത്. റോഡ് വീതി കൂട്ടണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പഴയ റോഡിന്‍റെ ടാറിംഗ് പൊളിച്ചുമാറ്റാതെയാണ് പുതിയ ടാറിംഗ് ചെയ്യാൻ തയാറെടുക്കുന്നതെന്നും സ്ഥലം വിട്ടുനൽകിയവർക്ക് മതിലുകൾ കെട്ടിക്കൊടുക്കാതെയും ഡ്രെയ്നേജുകൾ സ്ഥാപിക്കാതെയുമാണ് റോഡ് ടാർ ചെയ്യാൻ കരാറുകാർ തയാറെടുക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

അശാസ്ത്രീയ റോഡ് പണിക്കെതിരെ ജനകീയ സമരസമിതി രൂപീകരിച്ചു. മുന്നൂറോളം ആളുകൾ ഒപ്പിട്ട പരാതി പൊതുമരാമത്ത് മന്ത്രിക്കും കളക്ടർക്കും നൽകിയിട്ടുണ്ട്. റോഡ് പണിയുടെ ഭാഗമായി സ്ഥലം വിട്ടുനൽകിയ കുടുംബങ്ങൾക്ക് ഇപ്പോൾ വീടിനു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ജലനിധിയുടെ പൈപ്പ് റോഡിന്‍റെ നാടുവിലൂടെയാണെന്നതിനാൽ എപ്പോഴും പൊട്ടാറുണ്ടെന്നും കുടിവെള്ളം മുട്ടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്തായാലും കോടികൾ മുടക്കി ചെയ്യുന്ന അശാസ്ത്രീയ റോഡ് പണി നാട്ടുകാർക്ക് ദുരിതമാവുകയാണ്.

Comments (0)
Add Comment