പനമ്പിള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന് യാത്രാമൊഴി; മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ല, സംസ്കാരം നടത്തി പോലീസ്

കൊച്ചി:  പനമ്പിള്ളി നഗറിൽ  കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ സംസ്കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പതിനൊന്ന് മണിയോടെയാണ്  കുഞ്ഞിന്‍റെ മൃതദേഹം സംസ്കരിച്ചത്. പോലീസും കോർപറേഷനും ചേർന്നാണ് സംസ്കാരം നടത്തിയത്. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പ്രദേശവാസികൾ അന്ത്യാഞ്ജലി അർപ്പിച്ചു.  ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊച്ചി മേയർ എം അനിൽകുമാറും സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ അമ്മയുടെ കുടുംബവും യുവതിയുടെ ആൺസുഹൃത്തിന്‍റെ കുടുംബവും തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസ് സംസ്‌കാരം ഏറ്റെടുത്ത് നടത്തിയത്.

മെയ് മൂന്നിനാണ് എറണാകുളം പനമ്പിള്ളി നഗറിൽ നവജാത ശിശുവിന്‍റെ മൃതദേഹം  റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം താഴേക്ക് എറിഞ്ഞതെന്ന് കണ്ടെത്തിയത്.  ഫ്ലാറ്റിന്‍റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ കവർ താഴേക്കു പതിക്കുന്നതു സിസി ടിവിയിൽ പതിഞ്ഞിരുന്നു. സമീപത്തുള്ള ഫ്ലാറ്റില്‍ നിന്ന് കൊറിയർ കവറില്‍ പൊതിഞ്ഞ് കുട്ടിയെ വലിച്ചെറിയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തി. ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്‍റിലെ ‘5സി’ ഫ്ലാറ്റിലാണ് രക്തക്കറ കണ്ടത്. ജനിച്ച ഉടൻ തന്നെ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കേസിൽ പ്രതിയായ കുഞ്ഞിന്‍റെ അമ്മ റിമാൻഡിലാണ്. കുഞ്ഞിന്‍റെ അമ്മ കൊച്ചിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. ആശുപത്രി വിട്ട ശേഷമായിരിക്കും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക.

Comments (0)
Add Comment