ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല രമേശ് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്യും ; സാമൂഹിക-സാംസ്‌കാരിക-സിനിമാ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും

Jaihind Webdesk
Thursday, November 4, 2021

ദുബായ് : രമേശ് ചെന്നിത്തല വ്യക്തിയും ജീവിതവും എന്ന പുസ്തകം, ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍, ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖാസ്മി പ്രകാശനം ചെയ്യും. ഷാര്‍ജ ഗവര്‍മെന്‍റിന് കീഴിലെ ഇസ്‌ലാമികകാര്യ വകുപ്പിന്‍റെ ചെയര്‍മാനാണ് ഷെയ്ഖ് അബ്ദുല്ല.

നവംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി ഏഴിന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് പുസ്തക പ്രകാശനം. ഡോക്ടര്‍ എം കെ മുനീര്‍ ആദ്യകോപി ഏറ്റുവാങ്ങും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. നടനും എഴുത്തുകാരനുമായ രഞ്ജി പണിക്കര്‍ ഉള്‍പ്പടെയുള്ള സാമൂഹിക-സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

അഡ്വക്കേറ്റ് ഐ മൂസയാണ് പുസ്തകം എഡിറ്റ് ചെയ്തത്. ഹരിതം ബുക്സ് ആണ് പ്രസാധകര്‍. രമേശ് ചെന്നിത്തലയുടെ പാര്‍ലിമെന്ററി ജീവിതത്തിന്റെ ജൂബിലി ആഘോഷ വേളയില്‍ അഡ്വ. ഐ മൂസ എഡിറ്റ് ചെയ്ത പ്രസിദ്ധീകരിച്ച , ‘രമേശ് ചെന്നിത്തല പാര്‍ലിമെന്ററി ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് ‘ എന്ന സുവനീറിന്‍റെ പുസ്തക രൂപം കൂടിയാണിത്. മലയാളികളോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് ഏറെ അടുപ്പവും ബന്ധവും കാത്തൂസൂക്ഷിക്കുന്ന രാജകുടുംബാംഗമാണ് ഷെയ്ഖ് അബ്ദുല്ല എന്നതും സാംസ്‌കാരിക സായാഹ്നത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.