ബിജെപിക്കും സിപിഎമ്മിലെ ബിജെപി വിഭാഗത്തിനും ‘ചൊറിച്ചില്‍’ കൂടാനേ പോകുന്നുള്ളൂ: ഷാഫി പറമ്പിൽ

Jaihind Webdesk
Tuesday, September 13, 2022

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ലഭിക്കുന്ന വന്‍ ജനപിന്തുണയില്‍ അസ്വസ്ഥരാകുന്ന ബിജെപിക്കും സിപിഎമ്മിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എംഎല്‍എ. ഭാരത് ജോഡോ യാത്രയെ വിമർശിക്കാന്‍ പെടാപ്പാട് പെടുന്ന ബിജെപിക്കും സിപിഎമ്മിലെ ബിജെപി വിഭാഗത്തിനും ചൊറിച്ചില്‍ കൂടാന്‍ പോകുന്നതേയുള്ളൂ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ദിവസം കഴിയുന്തോറും രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് അഭൂതപൂര്‍വമായ ജനപിന്തുണയാണ് കാണാനാകുന്നത്.

 

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

അണിയുന്ന വസ്ത്രത്തിന്‍റെ പേരിലും അന്തിയുറങ്ങുന്ന കണ്ടെയ്‌നറിന്‍റെ പേരിലുമൊക്കെ 3571 കിലോമീറ്റർ ദൂരം കാൽനടയായി താണ്ടുന്ന ഭാരത് ജോഡോ യാത്രയെ കുറ്റപ്പെടുത്താൻ പെടാപ്പാട് പെടുന്ന ബിജെപിക്കും സിപിഎമ്മിലെ ബിജെപി വിഭാഗത്തിനും ‘ചൊറിച്ചില്’ കൂടാനേ പോകുന്നുള്ളൂ.

വെറുപ്പ് രാഷ്ട്രീയ ആയുധമാക്കിയാൽ ചിലപ്പോൾ ഭരണം നേടാൻ സാധിക്കുമായിരിക്കും.
പക്ഷെ അതിന് രാജ്യത്തെ ഒരുമിപ്പിക്കുവാനാകില്ല.
ഈ യാത്ര സംസാരിക്കുന്ന രാഷ്ട്രീയത്തെയും അതുയർത്തുന്ന മുദ്രാവാക്യങ്ങളെയും വിമർശിക്കുവാൻ കഴിയാത്തവരുടെ അസ്വസ്ഥതയാണ് ഭാരത് ജോഡോ യാത്രക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ.