എസ്എഫ്ഐ ആള്‍മാറാട്ടം പാർട്ടി അന്വേഷിക്കും; ആരോപണ വിധേയരായ സിപിഎം എംഎല്‍എമാർക്ക് പരസ്യപ്രതികരണത്തിന് വിലക്ക്

Jaihind Webdesk
Monday, May 22, 2023

 

തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ എംഎൽഎമാർക്ക് പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക്. ഐ.ബി സതീഷിനും ജി സ്റ്റീഫനുമാണ് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ആൾമാറാട്ട വിവാദത്തിൽ ആരോപണ വിധേയരായ ഇരുവർക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

സിപിഎമ്മിനും എസ്എഫ്ഐക്കും ഒരുപോലെ അവമതിപ്പുണ്ടാക്കിയ കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ
സിപിഎം പ്രതിരോധത്തിൽ ആയതോടെയാണ് പാർട്ടി തല അന്വേഷണത്തിന് രണ്ട് അംഗ കമ്മീഷനെ നിയമിച്ചത്. ഇതോടെയാണ് സംഭവത്തിൽ ആരോപണ-വിമർശന വിധേയരായ എംഎൽഎ മാർക്ക് പരസ്യ പ്രതികരണത്തിന് പാർട്ടി വിലക്ക് ഏർപ്പെടുത്തിയത്. എംഎൽഎമാരായ ഐ.ബി സതീഷിനും ജി സ്റ്റീഫനുമാണ് പാർട്ടി നിയന്ത്രണം ഏർപ്പെടുത്തിയത്. നേതാക്കൾ അറിയാതെ ആൾമാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയിൽ കനത്ത വിമർശനം ഉയർന്നിരുന്നു. എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കനത്ത വിമർശനം ജില്ലാ കമ്മിറ്റിയിൽ ഉയർന്നതോടെ പ്രതിരോധത്തിലായ ജില്ലാ നേതൃത്വം പാർട്ടിതല അന്വേഷണത്തിന് തീരുമാനിക്കുകയായിരുന്നു.

ഇതിനിടയിൽ ആരോപണ വിധേയരായ എംഎൽഎമാരും അന്വേഷണം ആവശ്യപ്പെട്ടു. ഇതോടെ ഇവർക്ക് പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു.വിവാദത്തിൽ കാട്ടാക്കട എംഎൽഎയായ ഐ.ബി സതീഷ്, അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ എന്നിവർക്ക് പങ്കുണ്ടെന്ന ആരോപണം വിവിധ കോണുകളിൽ ആദ്യം മുതലേ ഉയർന്നിരുന്നു. ആൾമാറാട്ട വിവാദം സിപിഎമ്മിന് രാഷ്ട്രീയ തിരിച്ചടിയായതോടെ മുഖം രക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്ന തിരക്കിലാണ് പാർട്ടി നേതൃത്വം.