എസ്എഫ്ഐ അതിക്രമം; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി സിപിഎം നേതാവിനെ പോലെ: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Wednesday, March 16, 2022

 

കെഎസ്.യു വനിതാ നേതാക്കളെപോലും ക്രൂരമായി തല്ലിച്ചതച്ച എസ്എഫ്ഐ അതിക്രമത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി സിപിഎം നേതാവിനെ പോലെയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അക്രമത്തെ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കേണ്ട മുഖ്യമന്ത്രി തന്നെ അക്രമികളെ ന്യായീകരിച്ചാല്‍ എവിടെ നിന്നാണ് നീതി ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കാന്‍ തയാറാകണം. തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു പ്രവര്‍ത്തകരെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ലോക സമാധാനത്തിന് വേണ്ടി മുഖ്യമന്ത്രി രണ്ട് കോടി മാറ്റിവയ്ക്കുമ്പോള്‍, അനുയായികളായ എസ്.എഫ്.ഐ നേതാക്കള്‍ കോളജ് ക്യാംപസിനകത്ത് പെണ്‍കുട്ടികളോടു പോലും ക്രൂരമായ അക്രമമാണ് അഴിച്ചുവിടുന്നത്.
അക്രമത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കേണ്ട മുഖ്യമന്ത്രി, നിയമസഭയില്‍ മറുപടി പറഞ്ഞത് സി.പി.എം നേതാവിനെ പോലെയായിരുന്നു, ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി . നിയമം കൈയില്‍ എടുത്തവര്‍ക്കെതിരെയും സ്ത്രീകളോട് ക്രൂരമായി ആക്രമം നടത്തിയവര്‍ക്കുമെതിരെയും ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കേണ്ടത്. അക്രമികളെ മുഖ്യമന്ത്രി തന്നെ ന്യായീകരിച്ചാല്‍ നീതി എവിടെ നിന്ന് ലഭിക്കും.
ക്യാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന ക്രൂരമായ അക്രമങ്ങള്‍ എല്ലാ മറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം ലോകോളജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌ന യാക്കോബ്, കട്ടപ്പന സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥി ഗായത്രി, തിരൂര്‍ കോളജിലെ വിദ്യാര്‍ഥിനി എന്നിവര്‍ക്ക് നേരെയുള്ള അക്രമം ഒരുതരത്തിലും ന്യായീകരിക്കാനാകില്ല.
തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ ഗുണ്ടായിസത്തിന് ഇരയായ കെ.എസ്.യു നേതാക്കളെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.