ഗാന്ധി സ്മൃതി യാത്രക്കെതിരെ എസ്എഫ്ഐ അതിക്രമം; കബീർ മാസ്റ്റർ ഉള്‍പ്പെടെയുള്ളവരെ തള്ളിവീഴ്ത്തി; നോക്കുകുത്തിയായി പൊലീസ്

Jaihind Webdesk
Wednesday, October 13, 2021

തിരുവനന്തപുരം : കെപിസിസി ഗാന്ധി ദർശൻ സമിതിയുടെ ഗാന്ധി സ്മൃതി യാത്രക്കെതിരെ  എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം. തുടർന്ന് കോളേജിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗാന്ധിദർശൻ സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി പോലും ആദരിക്കുന്ന കബീർ മാസ്റ്റർ ഉള്‍പ്പെടെയുള്ളവരെ തള്ളിവീഴ്ത്തിയ എസ്എഫ്ഐ നടപടി അപമാനകരമാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അതിക്രമം നടക്കുമ്പോള്‍ എസ്എഫ്ഐയെ തടയാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.

ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി ഗാന്ധിജി സന്ദർശിച്ച സ്ഥലങ്ങളില്‍ എത്തുകയും സ്മരണ പുതുക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ഗാന്ധി ദർശന്‍ പ്രവര്‍ത്തകരെത്തിയത്. ഗാന്ധിജി നട്ടുവളര്‍ത്തിയ മരച്ചുവട്ടില്‍ പുഷ്പാർച്ചന നടത്താന്‍ കോളേജ് അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. എന്നാല്‍ കോളേജ് ക്യാമ്പസിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ എസ്എഫ്ഐ പ്രവർത്തകര്‍ തടയുകയായിരുന്നു. ഗാന്ധിദർശന്‍ പ്രവർത്തകർക്കെതിരെ ബലപ്രയോഗം നടത്തിയ എസ്എഫ്ഐക്കാർ വിസി കബീർ മാസ്റ്റർ ഉള്‍പ്പെടെയുള്ളവരെ തള്ളിവീഴ്ത്തുകയും ചെയ്തു. അക്രമം നടക്കുമ്പോഴെല്ലാം പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നുവെന്ന് ഗാന്ധി ദർശന്‍ പ്രവർത്തകര്‍ ആരോപിച്ചു.

അതേസമയം സമാധാനപരമായ ഒരു പ്രവൃത്തിക്ക് നേരെ ഉണ്ടായ അതിക്രമം അംഗീകരിക്കാനാവുന്നതല്ലെന്ന് ഗാന്ധിദർശന്‍ സമിതി സംസ്ഥാന അധ്യക്ഷന്‍ വിസി കബീര്‍ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐ അതിക്രമത്തെ തടയാതെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്തത്. ഇത് ഫാസിസ്റ്റ് നടപടിയാണെന്നും പൊലീസിനും ഭരണകൂടത്തിനുമെല്ലാം അപമാനകരമായ പ്രവൃത്തിയാണെന്നും ഗാന്ധി ദര്‍ശന്‍ പ്രവര്‍ത്തകർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.