ഗള്‍ഫില്‍ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചത് ഏഴ് മലയാളികള്‍; ആകെ മരിച്ച മലയാളികള്‍ 68 ആയി

Jaihind News Bureau
Tuesday, May 12, 2020

ദുബായ് : ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു. മൂന്ന് മരണവും യു.എ.ഇ യിലാണ്. ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്.

ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ (52) കൊവിഡ് ബാധിച്ച് അബുദാബിയിലാണ് മരിച്ചത്. തൃശൂര്‍  കുന്നംകുളം സ്വദേശി പുത്തന്‍ കുളങ്ങര അശോക് കുമാര്‍ ദുബായില്‍ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുശീലനും ദുബായിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അറുപത്തി എട്ടായി കൂടി. അതേസമയം ആകെ രോഗികളുടെ എണ്ണം ഗള്‍ഫില്‍ ഒരു ലക്ഷത്തി ഏഴായിരം കവിഞ്ഞു. ആകെ മരിച്ചവരുടെ എണ്ണം 582 ആയി കൂടി.