ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതല്‍ മോഷണക്കേസ്; സർക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Jaihind Webdesk
Friday, July 29, 2022

കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ സർക്കാറിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിൽ വിചാരണക്കോടതിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്ന കേസിന്‍റെ വിചാരണ രണ്ട് പതിറ്റാണ്ട് കഴി‌ഞ്ഞിട്ടും തുടങ്ങാത്തതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ വിചാരണക്കോടതിക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോയെന്ന് കോടതി തീരുമാനിക്കും. എന്നാൽ വിചാരണ വൈകുന്നതിനെ സര്‍ക്കാര്‍ ന്യായീകരിച്ചു. ആന്‍റണി രാജുവിന്‍റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.

ഹര്‍ജിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാല്‍ ഇത്തരം ഹര്‍ജികള്‍ വരുമ്പോള്‍ നോക്കി നില്‍ക്കണോ എന്ന് കോടതി ചോദിച്ചു. വിചാരണ കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട്‌ വിളിപ്പിക്കുന്നത് അല്ലേ നല്ലതെന്നും കോടതി ചോദിച്ചു. ഇത്തരം ഹര്‍ജികള്‍ പ്രോത്സാഹിപ്പിച്ചാല്‍ ഇതുപോലെ അനേകം കേസുകള്‍ വരും എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പല കേസുകളിലും ഇത് പോലെ തന്നെ മൂന്നാം കക്ഷി ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കേസില്‍ സ്വകാര്യ ഹര്‍ജികള്‍ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഹര്‍ജി നിലനില്‍ക്കുമോ എന്നതില്‍ വാദം തുടര്‍ന്നു. മൂന്നാം കക്ഷിക്ക് മറ്റ് താല്‍പര്യങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ അവഗണിക്കാനാകുമോയെന്നും വാദത്തിനിടെ കോടതി സർക്കാറിനോട് ചോദിച്ചു. വിചാരണക്കോടതി നൽകുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹര്‍ജി ഫയലില്‍ സ്വീകരിക്കണമോ എന്ന് പരിശോധിക്കാം എന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി രണ്ട് ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.