തോമസ് ചാണ്ടിക്ക് തിരിച്ചടി; നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കണം

Jaihind Webdesk
Monday, November 12, 2018

മുൻ മന്ത്രി തോമസ് ചാണ്ടിയുടെ നിലം കൈയേറ്റം സാധൂകരിക്കണമെന്ന അപ്പീൽ സർക്കാർ തള്ളി. നെൽവയൽ നികത്തൽ സാധൂകരിക്കണമെന്ന തോമസ് ചാണ്ടിയുടെ അവശ്യം കൃഷിവകുപ്പ് നിരാകരിച്ചത് അദ്ദേഹത്തിന് തിരിച്ചടിയായി.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്‍റെ പാർക്കിംഗ് ഗ്രൗണ്ട് മണ്ണിട്ട് നികത്തിയതാണെന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി.വി അനുപമയുടെ റിപ്പോർട്ട് സർക്കാർ ശരിവെച്ചു. പാർക്കിംഗ് ഗ്രൗണ്ട് പൊളിക്കണമെന്നും മണ്ണ് നീക്കം ചെയത് നിലം പുർവസ്ഥിതിയിലാക്കണമെന്നും കാർഷിക ഉത്പാദന കമ്മീഷൻ ശുപാർശ ചെയ്തു. ഇതിന് പോലീസ് സംരക്ഷണം നൽകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആലപ്പുഴ മുൻ കളക്ടർ പത്മകുമാർ നെൽവെയൽ നികത്തിയത് സാധൂകരിച്ചിട്ടുണ്ടെന്നും അനുപമയുടെ റിപ്പോർട്ട് തള്ളണമെന്നും ചുണ്ടിക്കാട്ടി തോമസ് ചാണ്ടി അപ്പീൽ നൽകിയിരുന്നു. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നായിരുന്ന തോമസ് ചാണ്ടിയുടെ ആവശ്യം. തോമസ് ചാണ്ടിയുടെ വാദം കൂടി കേട്ട ശേഷമാണ് അപ്പീൽ തള്ളാൻ സർക്കാർ തീരുമാനം. നിലവിൽ എം.എൽ.എ കൂടിയായ തോമസ് ചാണ്ടിക്ക് സർക്കാർ തീരുമാനം തിരിച്ചടിയാണ്.