മന്ത്രിമാര്‍ വാഴാത്ത പിണറായിക്കാലം…

B.S. Shiju
Friday, November 23, 2018

പിണറായി മന്ത്രിസഭയില്‍ മന്ത്രിമാര്‍ വാഴാത്തതെന്ത്? രണ്ടരവര്‍ഷക്കാലത്തിനിടയില്‍ വിവിധ കാരണങ്ങള്‍കൊണ്ട് നാല് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്. രാജിവെച്ച രണ്ട് മന്ത്രിമാര്‍ തിരിച്ചുവന്നെങ്കിലും കായല്‍കയ്യേറ്റത്തിന്‍റെ പേരില്‍ തോമസ് ചാണ്ടിക്ക് എന്നെന്നേക്കും മന്ത്രിസ്ഥാനം നഷ്ടമായി. മാത്യു ടി തോമസ് രാജിവെക്കുന്നത് പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളുടെ പേരിലാണ്. ഇ.പി ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത് ബന്ധുനിയമനത്തിന്‍റെ പേരിലായിരുന്നു. ‘ചിറ്റപ്പന്‍ മന്ത്രി’ എന്ന ഇരട്ടപ്പേരും ജയരാജന് കേരളം ചാര്‍ത്തിനല്‍കി. പിന്നീട് വിജിലന്‍സ് അന്വേഷണത്തില്‍ വളഞ്ഞ വഴിയില്‍ ക്ലീന്‍ ചിറ്റ് വാങ്ങി മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും പിണറായി സര്‍ക്കാരിന് ബന്ധുനിയമനവിവാദവും ജയരാജന്‍റെ രാജിയും വിവാദക്കൊടുങ്കാറ്റ് തന്നെയായിരുന്നു സൃഷ്ടിച്ചത്.

പിന്നീട് എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രനായിരുന്നു പേരുദോഷമുണ്ടാക്കിയ രണ്ടാമത്തെ മന്ത്രി. ഫോണ്‍കെണി വിവാദത്തില്‍പ്പെട്ട ‘പൂച്ചക്കുട്ടി മന്ത്രി’ ശശീന്ദ്രനും ഒടുവില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എ.കെ ശശീന്ദ്രന്‍റെ രാജിക്ക് ശേഷം പാർട്ടിയിലെ രണ്ടാമത്തെ എം.എല്‍.എയായ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും അതിനും കൂടുതല്‍ ദിവസത്തെ ആയുസുണ്ടായിരുന്നില്ല. കായല്‍ക്കയ്യേറ്റവും സ്വന്തം റിസോര്‍ട്ട് നിര്‍മാണത്തിനുവേണ്ടി നടത്തിയ കയ്യേറ്റങ്ങളും കേരളരാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ തോമസ് ചാണ്ടിക്കും രാജിവെച്ച് പുറത്തുപോകേണ്ടിവന്നു. പിന്നീട് നേരത്തെ രാജി വെച്ച എ.കെ ശശീന്ദ്രന്‍ ഫോണ്‍കെണി കേസില്‍ അനുരഞ്ജനത്തിന്‍റെ പാത തീര്‍ത്താണ് രണ്ടാമതും പിണറായി മന്ത്രിസഭയില്‍ മന്ത്രിയായത്.

ഇപ്പോള്‍ മാത്യു ടി തോമസാകട്ടെ, പുറത്തുപോകുന്നത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിലാണ്. എന്നാല്‍ പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ രാജി ഇനിയുമുണ്ടാകുമെന്നാണ് സൂചനകള്‍. ‘എളാപ്പ മന്ത്രി’ കെ.ടി ജലീലിന്‍റെ അവസ്ഥ രാജിയിലേക്കെത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ബന്ധുനിയമന വിവാദത്തില്‍ ഓരോദിവസവും മന്ത്രി ജലീലിനെതിരെ പുതിയ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഈ ആരോപണങ്ങളാണെങ്കില്‍ മന്ത്രി ജലീലിനെ തിരിഞ്ഞുകൊത്തുന്നതുമാണ്. ഈ കാരണങ്ങള്‍കൊണ്ടുതന്നെ മന്ത്രി ജലീലിന്  അധികദിവസം അധികകാലം മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷരുടെ വിലയിരുത്തല്‍.