വിധി പ്രതികൂലമാകും: തോമസ് ചാണ്ടി ഹര്‍ജികള്‍ പിന്‍വലിക്കുന്നു

Jaihind Webdesk
Friday, February 1, 2019

ആലപ്പുഴ: എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി എം.എല്‍.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കുന്നു. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു തോമസ് ചാണ്ടിയുടെ ആവശ്യം. വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി അടുത്തദിവസം വിധി പറയാനിരിക്കെയാണ് തോമസ് ചാണ്ടി ഹര്‍ജികള്‍ പിന്‍വലിക്കുന്നത്. വിധി പ്രതികൂലമാകും എന്നു മുന്‍കൂട്ടി കണ്ടാണ് ഹര്‍ജികള്‍ പിന്‍വലിക്കുന്നതെന്നാണ് സൂചന. ഹര്‍ജികള്‍ പിന്‍വലിക്കുന്ന കാര്യം തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. തിങ്കളാഴ്ച രേഖാമൂലം അപേക്ഷ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തോമസ് ചാണ്ടി ഹര്‍ജികള്‍ പിന്‍വലിക്കുന്നത്. വയല്‍ നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍.