സിപിഎമ്മിന് തുടക്കത്തിൽ തന്നെ തിരിച്ചടി; പി.കെ.ശ്രീമതിക്കായി ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

Jaihind Webdesk
Friday, March 15, 2019

കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ തിരിച്ചടി. കണ്ണൂർ മണ്ഡലത്തിൽ പി.കെ.ശ്രീമതിക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച്  സ്ഥാപിച്ച പ്രചാരണ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു.
ഫ്ളക്സ് ബോർഡുകളും പ്രസിദ്ധീകരിച്ചവരുടെ പേര് ഇല്ലാത്ത ബോർഡുകളും നീക്കം ചെയ്യണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. അനധികൃതമായി ഫ്ലക്സുകൾ സ്ഥാപിച്ചത് വിവാദമായിരുന്നു.

റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും പി.കെ ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൂറ്റൻ  ബോര്‍ഡുകള്‍ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ച്  സ്ഥാപിച്ചിരുന്നത്. എം പി എന്ന നിലയിൽ പി കെ ശ്രീമതി കൊണ്ടു വരാത്ത പദ്ധതികൾ പോലും ഇതിൽ എംപിയുടെ വികസന നേട്ടമായി അവതരിപ്പിച്ചിരുന്നു.സമ്പൂര്‍ണ ഫ്ലക്സ് നിരോധനം നടപ്പിലാക്കിയ ജില്ലയില്‍  ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരെ കലക്ടറും, ജില്ലാ ഭരണകൂടവും മൗനം പാലിക്കുന്നതിന് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കഴിഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഫ്ലക്സ് ബോർഡല്ല സ്ഥാപിച്ചതെന്ന വാദമാണ് സർവ്വകക്ഷി യോഗത്തിൽ സി പി എം ഉയർത്തിയത്.

കോൺഗ്രസ്സിന്‍റെ പരാതിയെ തുടർന്ന് കണ്ണൂർ മണ്ഡലത്തിൽ പി.കെ.ശ്രീമതിക്കുവേണ്ടി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഫ്ളക്സ് ബോർഡുകളാണോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം സർവ്വകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു… എന്നാൽ ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ സിപിഎമ്മും എം.പി.ഓഫീസും തയ്യാറായില്ല. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ സർവകക്ഷി യോഗത്തിൽ പരാതി ഉന്നയിച്ചതോടെയാണ് കലക്ടർ നടപടിയെടുത്തത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് ഒറ്റ രാത്രിക്കൊണ്ട് നീക്കം ചെയ്തത്.ലക്ഷങ്ങൾ ചെലവഴിച്ച് പ്രചാരണത്തിനായി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സി പി എമ്മിന് കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.