എഐ ക്യാമറയില്‍ ബൈക്കിന് 1,240 കി.മീ വേഗം! ഗുരുതര പിഴവുകള്‍; നിർമ്മിത ബുദ്ധി ക്യാമറയുടെ പ്രവർത്തനം സംശയനിഴലില്‍

Jaihind Webdesk
Thursday, June 8, 2023

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടെ നടപ്പാക്കിയ എഐ ക്യാമറ (AI Camera)  കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ അടിമുടി പിഴവുകൾ. മണിക്കൂറിൽ 1,240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായാണ് ക്യാമറയുടെ കണ്ടെത്തല്‍. അതേസമയം ഇത്തരത്തിലുള്ള പിഴവുകൾ കാരണം പിഴ ചുമത്തിയുള്ള ചലാൻ തൽക്കാലം അയയ്ക്കരുതെന്ന് കമ്മീഷണറുടെ ഓഫീസിൽ നിന്ന് നിർദേശം നൽകി.

കഴിഞ്ഞ ദിവസം കൺട്രോൾ റൂമിൽ നിന്നും തയാറാക്കിയ ചലാനിൽ ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് പിഴ ചുമത്തുന്നതിനു പകരമായി മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ഇരുചക്ര വാഹനം ഓടിച്ചു എന്ന് തെറ്റായാണ് രേഖപ്പെടുത്തിയത്. തുടർന്ന് പിഴവുകൾ തിരിച്ചറിഞ്ഞതോടെ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥർ തടിയൂരുകയായിരുന്നു. ഇതിനു പുറമെ ഹെൽമറ്റ് ഇല്ലെന്നും സീറ്റ് ബെൽറ്റ് ഇല്ലെന്നും ക്യാമറ കണ്ടെത്തിയെങ്കിലും കൺട്രോൾ റൂമിലെ വിശദപരിശോധനയിൽ രണ്ടും തെറ്റായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. വണ്ടിയുടെ നമ്പർ പ്ലേറ്റിൽ ഒരു സ്ക്രൂ ഉണ്ടെങ്കിൽ അതു പൂജ്യമായാണ് ക്യാമറ വിലയിരുത്തുന്നതെന്നും തെളിഞ്ഞു.

ഇതോടെ സേഫ് കേരള എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കൺട്രോൾ റൂമിൽ നിയോഗിച്ച് ഓരോ നിയമലംഘനവും പരിശോധിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ശരാശരി 1000 ചിത്രങ്ങൾ വരെയേ പരമാവധി ഓരോ കൺട്രോൾ റൂമിലും പ്രതിദിനം പരിശോധിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. തലേദിവസത്തെ ചിത്രങ്ങളാണ് ഓരോ ദിവസവും കൺട്രോൾ റൂമിൽ ലഭിക്കുന്നത്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആർട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ പദ്ധതി ഇത്തരത്തിൽ പിഴവുകളുടെ കൂമ്പരമായി മാറുകയാണ്. ക്യാമറയുടെ പിഴവിന് ചെയ്യാത്ത കുറ്റത്തിന് പിഴയൊടുക്കേണ്ട  ഗതികേടിലാണ് ജനങ്ങള്‍. ഇതോടെ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങള്‍ വീണ്ടും പ്രസക്തമാവുകയാണ്. ഇതിന് മറുപടി പറയേണ്ട ബാധ്യതയില്‍ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാവില്ല.