മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച സംഭവം; പൊലീസിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ച

Saturday, August 3, 2019

സർവെ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്‍റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിള്‍ പരിശോധനയ്ക്ക് പൊലീസ് തയാറായില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചപ്പോള്‍ ശ്രീറാമിന്‍റെ ആവശ്യപ്രകാരം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പ്രതിസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനായതിനാല്‍ സംഭവം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരും ദൃക്സാക്ഷികളും ആരോപിച്ചു.

സുഹൃത്താണ് വാഹനമോടിച്ചതെന്നായിരുന്നു ശ്രീറാം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം തെറ്റാണെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിട്ടും  ശ്രീറാമിന്‍റെ മൊഴിയാണ് പൊലീസ് കണക്കിലെടുത്തത്. ശ്രീറാമിന്‍റെ സുഹൃത്ത് വഫയെ മെഡിക്കല്‍ പരിശോധന നടത്താതെ തന്നെ ടാക്സിയില്‍ വിട്ടയച്ചതും പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയായി. മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി വൈദ്യപരിശോധന നടത്തിയത്. അതേസമയം കാറോടിച്ചത് ആരെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്താനും പൊലീസ് തയാറായില്ല.

കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും ശ്രീറാം വെങ്കട്ടരാമനാണ് വാഹനം ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. കാറിന്‍റെ വരവ് ശ്രദ്ധയില്‍‍പ്പെട്ട ബഷീര്‍ ബൈക്ക് ഒതുക്കിയെങ്കിലും അമിതവേഗതയിലെത്തിയ കാര്‍ ബഷീറിന്‍റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.