പോളിംഗ് ബൂത്തിനകത്തു വെച്ച് സിനിമാതാരം മഞ്ജുവിനൊപ്പം സെൽഫിയെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമാകുന്നു. തൃശൂർ ജില്ലയിലെ പുള്ളിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫി എടുത്തത്. ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.
ഉദ്യോഗസ്ഥർ വോട്ടിംഗ് പോലും നിർത്തി വെച്ച് സെൽഫിയെടുത്തു എന്നാണ് ആരോപണം. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മഞ്ജുവിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
നേരത്തെ നടൻ ദിലീപിനൊപ്പം സെൽഫിയെടുത്ത വനിതാ പോളിംഗ് ഓഫീസറുടെ നടപടിയും വിവാദമായിരുന്നു. പാലസ് റോഡിലെ ബൂത്തിൽ വെച്ചായിരുന്നു സംഭവം നടന്നത്. വോട്ട് ചെയ്തശേഷം ബൂത്തിനു പുറത്തിറങ്ങിയ ദിലീപിനു പിന്നാലെ ചെന്നു വനിതാ പോളിംഗ് ഓഫീസർ സെൽഫിയെടുക്കുകയായിരുന്നു. ഇതോടെ വോട്ട് ചെയ്യാൻ വന്നവരും സെൽഫിക്കായി തിരക്കുകൂട്ടി. ദിലീപ് സന്തോഷത്തോടെ എല്ലാവർക്കും നിന്നുകൊടുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടപടികൾക്കിടെ പോളിംഗ് ഓഫീസർ ബൂത്തിനു പുറത്തിറങ്ങി നടനൊപ്പം സെൽഫിയെടുത്തതു വീഴ്ചയാണെന്ന് ആക്ഷേപമുയർന്നു.