സെക്രട്ടേറിയറ്റിലെ തീപിടിത്തം : യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ പൊലീസ് അതിക്രമം ; ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരിക്ക് | Video

Jaihind News Bureau
Wednesday, August 26, 2020

 

തിരുവനന്തപുരം : സംശയകരമായ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ പിണറായി സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനെതിരെ പൊലീസ് കിരാതമായ ആക്രമണം അഴിച്ചുവിട്ടു. ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.

വനിതാപ്രവർത്തകർക്ക് നേരെയും അതിക്രൂരമായ മർദനമാണ് പൊലീസ് നടത്തിയത്. പരിക്കേറ്റ പ്രവർത്തകയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടസപ്പെടുത്താൻ പൊലീസ് ശ്രമിച്ചത് സംഘർഷത്തിന് ഇടയാത്തി. പിണറായി പൊലീസ് സി.പി.എം പ്രവർത്തകരായി തരംതാഴുന്നതാണ് കാണാൻ കഴിയുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷെരീഫിന് ഗുരുതര പരിക്കേറ്റു.

കേരളത്തിന്‍റെ ഭരണസിരാകേന്ദ്രം കള്ളക്കടത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അന്വേഷണത്തിലെ നിർണായക തെളിവുകൾ നശിപ്പിക്കാനുള്ള നീക്കമാണ് ആസൂത്രിതമായി നടത്തിയ തീപിടിത്തത്തിലൂടെ നടന്നത്. ഇതിനെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധം തുടർന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

https://www.facebook.com/JaihindNewsChannel/videos/924717814691553