ചോദ്യം ചെയ്യാന്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിട്ടയച്ചു; പട്ടികജാതി യുവാവ് തൂങ്ങി മരിച്ച നിലയിൽ: പോലീസ് മർദ്ദനമെന്ന് ആരോപണം

Jaihind Webdesk
Monday, April 3, 2023

 

കൊല്ലം: കുണ്ടറയിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ച പട്ടികജാതി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 37 വയസായിരുന്നു.
സമീപത്തെ സ്കൂളുമായി ബന്ധപ്പെട്ട പരാതിയിൽ നന്ദകുമാറിനെ കുണ്ടറ സിഐ രതീഷ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പോലീസ് സ്റ്റേഷനിൽ വെച്ച് നന്ദകുമാറിനെ സിഐ മർദ്ദിച്ചതായി ആരോപണവും ഉയർന്നിട്ടുണ്ട്. സ്റ്റേഷനില്‍നിന്നു തിരിച്ചെത്തിയശേഷം ഇയാളെ സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ മർദ്ദനമേറ്റതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെനാണ് നാട്ടുകാർ ആരോപിക്കുന്നത്.