ഗോധ്ര കലാപം; ട്രെയിന്‍ തീവെപ്പ് കേസിലെ 8 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

Jaihind Webdesk
Friday, April 21, 2023

 

ന്യൂഡൽഹി: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടു പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 18 വരെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അതേസമയം ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചില്ല. 17 മുതല്‍ 18 വരെ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേര്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തില്ല.

അതേസമയം ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും പ്രത്യേക കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. ഗുജറാത്തിലെ മുന്‍ മന്ത്രി, മായ കോഡ്നാനി ഉള്‍പ്പടെയുള്ള 69 പ്രതികളെയാണ് വെറുതേവിട്ടത്. പ്രത്യേക കോടതി ജഡ്ജി ശുഭദാ കൃഷ്ണകാന്ത് ബക്ഷിയാണ് വിധി പ്രസ്താവിച്ചത്.

2002 ലെ ഗുജറാത്ത് കലാപത്തിന്‍റെ ഭാഗമായി നടന്ന ഒമ്പത് കലാപങ്ങളില്‍ ഒന്നാണ് നരോദ ഗാം കൂട്ടക്കൊലപാതകം. 11 മുസ്‌ലീങ്ങളെയാണ് നരോദ ഗാമില്‍ തീവെച്ചു കൊന്നത്. 86 പ്രതികള്‍ ആയിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ 17 പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി വിചാരണ നേരിട്ട 69 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. 182 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസില്‍ മായ കോഡ്നാനിയുടെ സാക്ഷിയായി 2017 ല്‍ കോടതിയില്‍ ഹാജരായിരുന്നു. 2012 ല്‍ മായാ കോഡ്നാനിയെയും ബാബു ബജ്രംഗിയെയും നരോദ പാട്യ കൂട്ടക്കൊല കേസില്‍ ശിക്ഷിച്ചിരുന്നു. മായാ കോഡ്നാനിക്ക് 28 വര്‍ഷത്തെ തടവു ശിക്ഷ ആയിരുന്നു സെഷന്‍സ് കോടതി വിധിച്ചിരുന്നത്.