കൊറോണ ആശങ്ക: ഇന്ത്യ, യൂറോപ്പ് ഉൾപ്പെടെ 39 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കുമായി സൗദി

Jaihind News Bureau
Thursday, March 12, 2020

 

റിയാദ് : ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. സൗദി ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്ക് പുറമെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കാണ് വിലക്ക്. സൗദി അറേബ്യയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് ഈ രാജ്യങ്ങളില്‍ താമസിച്ചവര്‍ക്കും വിലക്ക് ബാധകമാണ്.

ഈ രാജ്യങ്ങളിലുള്ള സൗദി പൗരന്മാര്‍ക്കും സൗദി ഇഖാമയുള്ളവര്‍ക്കും മടങ്ങുന്നതിന് 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാരായ ആരോഗ്യ പ്രവര്‍ത്തകരെ വിലക്കില്‍നിന്ന് ഒഴിവാക്കി.