കാലിലെ പരിക്ക് ഭേദമായി സാനിയ മിർസ വീണ്ടും കോർട്ടിലേക്ക് : പരിക്ക് ഭേദമായത് ദുബായിലെ ബുർജീൽ ഹോസ്പിറ്റലിൽ ; ദുബായ് ടെന്നിസ് മത്സരം ബുധനാഴ്ച

Jaihind News Bureau
Monday, February 17, 2020

ദുബായ് :  കോർട്ടിലെ രണ്ടാം വരവിനിടെ വിനയായ കാൽവണ്ണയിലെ  പരിക്കിൽ നിന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ സുഖം പ്രാപിച്ചു . ജനുവരിയിൽ ആസ്ട്രേലിയൻ ഓപ്പൺ മത്സരം മുഴുവിക്കാൻ ആകാതെ പിൻവാങ്ങിയ ശേഷം ദുബായിൽ നടത്തിയ ചികിത്സയിലാണ് താരത്തിന്‍റെ തിരിച്ചുവരവ്. ദുബായി ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ബുധനാഴ്ച സാനിയ മിർസ  വീണ്ടും കളത്തിലിറങ്ങും.

ദുബായ് ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സാനിയ മത്സരരംഗത്തുണ്ടാകുമോയെന്ന അനിശ്ചിതത്വത്തിന്  വിരാമമിട്ട്  സാനിയ മിർസയുടെ ഡോക്ടറാണ് തിരിച്ചു വരവ് പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് സാനിയ പൂർണമായും മുക്തയായെന്നും  ചാമ്പ്യൻഷിപ്പിൽ  പങ്കെടുക്കുമെന്നും ദുബായ് ബുജിൽ ഹോസ്പിറ്റൽ ഫോർ അഡ്വാൻസ് സർജറിയിൽ  ചീഫ് ഫിസിയോതെറാപ്പിസ്റ്റായ ഡോ. ഫൈസൽ ഹയാത്ത് ഖാൻ അറിയിച്ചു. ഏറെനാളായി ഡോ. ഫൈസൽ ഹയാത്ത് ഖാന്‍റെ കീഴിൽ ചികിത്സയിൽ കഴിയുകയായിരുന്നു സാനിയ.

“ഹൊബാർട്ട് ഫൈനലിനിടെയാണ് സാനിയയ്ക്ക് കാൽവണ്ണയിൽ പരിക്കേറ്റിരുന്നത്. ആസ്ട്രേലിയൻ ഓപ്പൺ മത്സരത്തിനിടെ പിൻവാങ്ങേണ്ടുന്ന സാഹചര്യത്തിലേക്ക് പരിക്ക് കഠിനമായി. അതിന് ശേഷമാണ് പരിചരണത്തിനായി തന്നെ സമീപിച്ചത്. ഫിസിയോതെറാപ്പിയും മസിൽ സംബന്ധമായ തെറാപ്പികളും നടത്തി.” കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രാക്റ്റിസ് പുനരാരംഭിച്ച സാനിയ പൂർണ ആരോഗ്യവതിയാണെന്നു ഡോക്ടർ ഫൈസൽ പറഞ്ഞു. പത്തുവർഷത്തോളമായി സാനിയയുടെ ഡോക്ടറാണ് പാക് ക്രിക്കറ്റ് ടീമിന്‍റെ മുൻ ഫിസിയോതെറാപ്പിസ്റ്റ്  കൂടിയായ ഡോ. ഫൈസൽ ഹയാത്ത് ഖാൻ.

വി.പി.എസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സി.ഇ.ഒ ഡോ. ഷാജിർ ഗഫാറും ഡോ. ഫൈസൽ ഹയാത്ത് ഖാനും സാനിയ മിർസയ്ക്കൊപ്പം

പരിക്ക് കാരണം ഗ്രാൻഡ്സ്ലാം ടൂർണമെന്‍റിൽ നിന്ന് പിന്മാറേണ്ടി വന്നത് ദൗർഭാഗ്യകരമായിരുന്നുവെന്നു സാനിയ മിർസ പറഞ്ഞു. പ്രത്യകിച്ചു കോർട്ടിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന ശേഷം. പരിക്കിൽ നിന്ന് വേഗത്തിൽ മുക്തയാകാൻ സഹായിച്ചതിന് ഡോക്ടർക്കും ബുർജീൽ ആശുപത്രി അധികൃതർക്കും നന്ദിയുണ്ട്. പരിശീലനം  മുന്നോട്ടു പോവുകയാണെന്നും ടൂർണമെന്‍റ് മികച്ചതാകുമെന്നാണ് പ്രതീക്ഷയെന്നും സാനിയ വ്യക്തമാക്കി.

ഫ്രഞ്ച് താരം കരോളിൻ ഗാർസിയയ്ക്കൊപ്പം ഡബിൾസ് വിഭാഗത്തിലാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിൽ സാനിയ മത്സരിക്കുക. പരിക്ക് ഭേദമായി സാനിയ മത്സരരംഗത്തേക്ക് തിരിച്ചുവരുന്നതിൽ സന്തോഷമുണ്ടെന്ന് വി.പി.എസ് ഹെൽത്ത്കെയർ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് സി.ഇ.ഒ  ഡോ. ഷാജിർ ഗഫാർ പറഞ്ഞു. സേവനം ആവശ്യമുള്ളപ്പോഴൊക്കെ സാനിയ ബുർജീൽ ആശുപത്രിയിൽ എത്താറുണ്ട്. ടൂർണമെന്‍റിൽ സാനിയയ്ക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  മുപ്പത്തിമൂന്നു വയസുള്ള സാനിയ മിർസ രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹൊബാർട് ഇന്‍റർനാഷണൽ ടൂർണമെന്‍റ് വിജയത്തോടെ ഈ വർഷം ആദ്യമാണ് വീണ്ടും കോർട്ടിൽ തിരിച്ചെത്തിയിരുന്നത്.