കലാകാരന്‍മാര്‍ക്ക് കൈതാങ്ങായി സംസ്‌ക്കാര സാഹിതി

Jaihind News Bureau
Sunday, April 12, 2020

കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ദുരിതമനുഭവിക്കുന്ന പ്രാദേശിക കലാകാരന്‍മാര്‍ക്ക് സഹായഹസ്തവുമായി സംസ്‌ക്കാര സാഹിതി. മേഖലയിലെ 300 പ്രാദേശിക കലാകാരന്‍മാര്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നത്. ഉത്സവങ്ങളും യുവജനോത്സവങ്ങളും ഇല്ലാതായതോടെ ദുരിതത്തിലായിരിക്കുകയാണ് പ്രാദേശിക കലാകാരന്‍മാര്‍. ഭക്ഷ്യകിറ്റ് വിതരണം സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് കലാകാരന്‍മാരുടെ സംഘടനയായ നന്‍മ സംസ്ഥാന സമിതി അംഗം ഉമേഷ് നിലമ്പൂരിന് നല്‍കി നിര്‍വഹിച്ചു. ഉത്സവ സീസണിലെ വരുമാനംകൊണ്ട് ജീവിക്കുന്നവരാണ് പ്രാദേശിക കലാകാരന്‍മാരില്‍ ഭൂരിപക്ഷവമെന്നും വലിയ ദുരിതമനുഭവിക്കുന്ന ഇവരെ സഹായിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ഷാജഹാന്‍ പായിമ്പാടം, ഡോ. ബാബു വര്‍ഗീസ് സംബന്ധിച്ചു.

കലാകാരന്‍മാരുടെ സംഘടനയായ നന്‍മയുമായി ചേര്‍ന്നാണ് കലാകാരന്‍മാരുടെ വീടുകളില്‍ കിറ്റുകളെത്തിക്കുന്നത്. വിതരണത്തിന് നന്‍മ ജില്ലാ സെക്രട്ടറി വി. സജിത്ത്, കെ. ഷബീറലി, സിജു ഗോപിനാഥ് എന്നിവർ നേതൃത്വം നല്‍കി.