‘സമ്മോഹനം’ പുരസ്കാരം ബി.എസ് ബാലചന്ദ്രന്; എം.എം ഹസന്‍ പുരസ്കാരദാനം നിർവഹിച്ചു

Jaihind Webdesk
Monday, November 21, 2022

തിരുവനന്തപുരം: സമ്മോഹനം പുരസ്കാരം ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ് ബാലചന്ദ്രന് സമ്മാനിച്ചു. തിങ്കളാഴ്ച വൈകിട്ട് മാസ്കോട്ട് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ പുരസ്കാരങ്ങള്‍ വിതരണണം ചെയ്തു. അഡ്വ. വിതുര ശശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ 12 സമ്മോഹനം കുടുംബാംഗങ്ങളെ വേദിയില്‍ ആദരിച്ചു.

25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും ബി.എസ് ബാലചന്ദ്രന് കൈമാറി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു 1952 ൽ രൂപീകരിച്ച ബിഎസ്എസിന്‍റെ മൂന്നാമത്തെ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനാണ് ബി.എസ് ബാലചന്ദ്രൻ. വിവിധ  മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ബി.എസ് ബാലചന്ദ്രന്‍ എന്ന് എം.എം ഹസന്‍ പറഞ്ഞു. സാക്ഷരതാ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്താണ് അദ്ദേഹം ബിഎസ്എസിലേക്ക് എത്തുന്നത്. കെഎസ്‌യുവിലൂടെ  കടന്നുവന്ന് ദേശീയരംഗത്തെ ഏറ്റവും വലിയ സാമൂഹികപ്രവർത്തകരായി വളർന്നുവന്ന ഒരാള്‍ ബാലചന്ദ്രനാണെന്നും എം.എം ഹസന്‍ പറഞ്ഞു. തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് പുരസ്കാരമെന്ന് ബി.എസ് ബാലചന്ദ്രന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്‍റെ സന്ദേശം ചടങ്ങില്‍ വായിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതലയുമായി ബന്ധപ്പെട്ട തിരക്കുകളായതിനാലാണ് രമേശ് ചെന്നിത്തലയ്ക്ക് പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞത്. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, ചെറിയാന്‍ ഫിലിപ്പ്, പി.കെ വേണുഗോപാല്‍, എം.ആർ തമ്പാന്‍ തുടങ്ങിയവര്‍ക്ക് പുറമെ സമൂഹത്തിന്‍റെ വിവിധ മേഖലയിലെ പ്രമുഖരും പുരസ്കാര സമർപ്പണ ചടങ്ങിൽ പങ്കെടുത്തു.