രാജ്യദ്രോഹപരമായ നടപടി; സജി ചെറിയാന്‍ രാജി വെക്കണം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, July 5, 2022

സജി ചെറിയാന്‍റെ നടപടി രാജ്യദ്രോഹപരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഭരണഘടനയെ അംഗീകരിക്കാത്ത മന്ത്രി രാജിവെച്ചേ മതിയാകൂ. അല്ലങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

മഹത്തായ ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിക്കുകയും തള്ളിപ്പറയുകയും ചെയ്ത മന്ത്രി സജി ചെറിയാന്റെ നടപടി രാജ്യദ്രോഹപരമാണ്. ഭരണഘടനയോട് അചഞ്ചലമായ കൂറും വിശ്വാസവും പുലർത്തുമെന്ന് ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത് അധികാരമേറ്റ ഒരു മന്ത്രിയാണ് ഇപ്പോൾ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നത്. ഭരണഘടനയെ അംഗീകരിക്കാത്ത മന്ത്രി രാജിവച്ചേ മതിയാകൂ. അല്ലങ്കിൽ മുഖ്യമന്ത്രി സജി ചെറിയാനെ ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം.
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള സി പി എമ്മിന് സ്വാതന്ത്ര്യവും ദേശീയതയും ഭരണഘടനയും അതിനു വേണ്ടിയുള്ള ത്യാഗവുമൊക്കെ കേട്ടറിവുമാത്രമേയുള്ളൂ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വാതന്ത്ര്യ സമരമുഖത്ത് സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അതിനെ ഒറ്റിക്കൊടുത്ത സി പി എം ഇപ്പോൾ ഭരണഘടനയെ തള്ളിപ്പറയുന്നതിൽ അതിശയമില്ല. ഗാന്ധിയേക്കാൾ വലുതാണ് ഗോഡ്സെയെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന മോദിക്ക് ഭരണഘടനയേയും ഇന്ത്യയുടെ മതേതരത്വത്തേയും ജനാധിപത്യത്തേയും വെല്ലുവിളിച്ചു കൊണ്ട് സി പി എം , ഇപ്പോൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. കൽക്കട്ടാ തീസിസുമായി കുറെ നാൾ നടന്നവരാണ് സി പി എം.
ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് എഴുതി വച്ചു എന്ന് പറഞ്ഞതിലൂടെ മഹാനായ അംബേദ്‌കർ അടക്കമുള്ള ഭരണഘടനാ ശിൽപികളേയും സി പി എം അവഹേളിച്ചിരിക്കുകയാണ്. മന്ത്രിയുടെ രാജി മാത്രം മതിയാകില്ല. ഭരണഘടനയെ അംഗീകരിക്കാത്തയാൾ എം എൽ എ സ്ഥാനവും രാജിവയ്ക്കണം . നിയമപ്രകാരമുള്ള ശിക്ഷാ നടപടികളും സജി ചെറിയാനെതിരേ കൈക്കൊള്ളാൻ സർക്കാർ തയ്യാറാകണം.