പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘സഭയിലെ പോരാട്ടം’ കടല്‍ കടന്നു ; ഷാര്‍ജ പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

Jaihind News Bureau
Monday, November 9, 2020

ഷാര്‍ജ : കേരള നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ, സഭയിലെ പോരാട്ടം എന്ന പുസ്തകത്തിന്‍റെ ഗള്‍ഫ് പ്രകാശനം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നടന്നു. നിയസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ പോരാട്ടങ്ങളും പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ 498 പേജുകളുള്ള പുസ്തകമാണിത്.

ഇന്ത്യന്‍ അസോസിയേഷന്‍  ഷാര്‍ജ ( ഐ എ എസ് ) പ്രസിഡന്‍റ് ഇ പി ജോണ്‍സണ്‍, കെ എം സി സി ഷാര്‍ജ പ്രസിഡന്‍റ് ടി കെ അബ്ദുല്‍ ഹമീദിന് നല്‍കി പ്രകാശനം ചെയ്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റും ഇന്‍കാസ് ഷാര്‍ജ പ്രസിഡന്‍റുമായ അഡ്വക്കേറ്റ് വൈ എ റഹിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ബുക്ക് അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് കെ മോഹന്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.

പുസ്തകത്തിന്‍റെ അവതാരികയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഴുതിയതുപോലെ, അനുകരണീയനായ പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്ന്, പ്രമുഖര്‍ പ്രസംഗത്തില്‍ പറഞ്ഞു. കേരളീയ സമൂഹം അഭിമുഖീകരിച്ച പ്രതിസന്ധികളെയും പ്രശ്‌നങ്ങളയും അര്‍ഹിക്കുന്ന ഗൗരവത്തോടെ സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചു. സഭയിലെ അന്തസ്സ് കാത്തൂസൂക്ഷിച്ച വ്യക്തിത്വം കൂടിയാണ് ഇദ്ദേഹമെന്ന് പുസ്തകം പ്രകാശനം ചെയ്ത ഇ പി ജോണ്‍സണ്‍ പറഞ്ഞു.

ഐ എ എസ് ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി, ഇന്‍കാസ് യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി, ചന്ദ്രപ്രകാശ് ഇടമന, സലാം പാപ്പിനിശേരി,  അഹ്മദ് ഷിബിലി,  ഷഹാല്‍ ഹസ്സന്‍, ബിജു എബ്രാഹം എന്നിവര്‍ പ്രസംഗിച്ചു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഒലിവ് ബുക്ക് സ്റ്റാളിലാണ് ചടങ്ങ് നടന്നത്.