ശബരിമല സ്ത്രീ പ്രവേശം : വടക്കൻ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു

Jaihind Webdesk
Monday, October 8, 2018

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ പ്രതിഷേധം വടക്കൻ കേരളത്തിലും ശക്തമാകുന്നു. സാമൂഹ്യ സമത്വ മുന്നണിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ കൂട്ട ശരണം വിളിച്ച് കൊണ്ട് നഗരപ്രദിക്ഷണം സംഘടിപ്പിച്ചു. നൂറു കണക്കിന് ആളുകളാണ് പ്രതിഷേധ ശരണം വിളിയിൽ പങ്കെടുത്തത്.

സാമൂഹ്യ സമത്വ മുന്നണിയുടെ നേതൃത്വത്തിൽ വിവിധ സമുദായ സംഘടനകളും, ക്ഷേത്ര കമ്മിറ്റികളും സംയുക്തമായാണ് കണ്ണൂർ നഗരത്തിൽ പ്രതിഷേധ ശരണം വിളി സംഘടിപ്പിച്ചത്. കാൽടെക്സിൽ നിന്ന് ആരംഭിച്ച പ്രതിഷേധ കൂട്ടായ്മയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

കടുത്ത വെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധ ശരണം വിളിയിൽ അണിനിരന്നു.  കനത്ത സുരക്ഷാ സന്നാഹത്തിലാണ് നഗരപ്രദക്ഷിണം നടന്നത്. വരും ദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സുപ്രീം കോടതി വിധിക്കെതിരെ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.