മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയായി; ശബരിമല നട അടച്ചു

Jaihind Webdesk
Sunday, January 21, 2024

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെ അടച്ചു. ഇന്നലെ രാത്രി 10 മണി വരെ മാത്രമായിരുന്നു ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. ഇന്ന് ഭക്തർക്ക് പ്രവേശനമില്ല. ഇന്ന് പുലർച്ചെ 5-ന് ക്ഷേത്രനട തുറന്നു. അഞ്ചരയോടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിച്ചു.

2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് ഇതോടെ പരിസമാപ്തിയായി. തിരുവാഭരണ ഘോഷയാത്രാ സംഘം ശബരിമലയിൽ നിന്ന് പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു. 24-ന് തിരുവാഭരണ ഘോഷയാത്രാ സംഘം പന്തളത്ത് എത്തിച്ചേരും. തിരുവാഭരണ പേടകങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽ നിന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭാരവാഹികൾ ഏറ്റ് വാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ വയ്ക്കും.