ശബരിമലയില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാട്, ഇരുപാർട്ടികളും മിണ്ടുന്നില്ല ; ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, February 3, 2021

 

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ പ്രതികരിക്കേണ്ടെന്നാണ് ഇരു പാര്‍ട്ടികളുടേയും തീരുമാനം. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണിതെന്നും അദ്ദേഹം വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ വിശ്വാസികളുടെ മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായിരുന്നു ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഫലമായാണ് ശബരിമലയെ കലാപഭൂമിയാക്കി മാറ്റാന്‍ ശ്രമിച്ചത്. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. ശബരിമലയുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

യുഡിഎഫ് ഗവണ്‍മെന്റ് കൊടുത്ത അഫിഡവിറ്റ് മാറ്റിക്കൊടുത്ത നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണം. ബിജെപിക്ക് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ പാര്‍ലമെന്റില്‍ വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമനിര്‍മ്മാണത്തിന് കേന്ദ്രം തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.