ശബരിമല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ചു, മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകം: ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Monday, January 21, 2019

ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് 1991 ല്‍ ഹൈക്കോടതി നടത്തിയത് തെറ്റായ വിധിയായിരുന്നെന്നും അത് സുപ്രീം കോടതി തിരുത്തിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അങ്ങേയറ്റം നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. ഇടതുസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവെച്ച് സുപ്രീം കോടതില്‍ നല്‍കിയ സത്യവാങ്മൂലമാണ് നിലവിലെ സുപ്രീം കോടതി വിധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

1950 ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമതസ്ഥാപന നിയമം 31-ാം വകുപ്പനുസരിച്ചും, ശബരിമലയില്‍ ദര്‍ശനവും പൂജകളും ഉത്സവകാല ചടങ്ങുകളും നടത്തേണ്ടത് ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് 1991ലെ മഹീന്ദ്രന്‍ കേസിലെ വിധി. ഇക്കാര്യങ്ങള്‍ ഇടതുസര്‍ക്കാരിന്‍റെ സത്യവാങ്മൂലത്തില്‍ മറച്ചുവെച്ചു.  2018 സെപ്റ്റംബര്‍ 28ലെ സുപ്രീം കോടതി വിധിയില്‍പോലും മഹീന്ദ്രന്‍ കേസും തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമതസ്ഥാപനനിയമം 31-ാം വകുപ്പും റദ്ദ് ചെയ്തിട്ടെല്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

ഹിന്ദു സമുദായത്തില്‍ വിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന പ്രത്യേക വിഭാഗമാണ് അയ്യപ്പഭക്തര്‍ എന്നാണ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയത്. 41 ദിവസത്തെ വ്രതാനുഷ്ഠാനം അവര്‍ക്ക് നിര്‍ബന്ധമാണ്. അവര്‍ക്ക് പ്രത്യേക പേരുകള്‍ ഉണ്ട്. ആദ്യം ദര്‍ശനത്തിനുപോകുന്ന ആളെ കന്നി അയ്യപ്പനെന്നും പിന്നീടവരെ അയ്യപ്പനെന്നും 18 പ്രാവശ്യം മലചവിട്ടുന്നവരെ ഗുരുസ്വാമിയെന്നും ശബരിമലയില്‍ പോയ സ്ത്രീകളെ മാളികപ്പുറം എന്നുമാണ് വിളിക്കുന്നത്. 41 ദിവസം വ്രതം, കറുത്ത വസ്ത്രം, ഇരുമുടിക്കെട്ട് തുടങ്ങിയവ തീര്‍ഥാടകരുടെ പ്രത്യേകതകളാണ്. സ്ത്രീകളില്‍ 10നും 50നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ വിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്.

മഹീന്ദ്രന്‍ കേസില്‍ വിദഗ്ധരായ തന്ത്രിമാരേയും ഹിന്ദുമത പണ്ഡിതരേയും വിസ്തരിച്ച് മൊഴി രേഖപ്പെടുത്തിയശേഷമാണ് ശബരിമല അയ്യപ്പഭക്തര്‍ സവിശേഷമായ മതവിഭാഗമായതിനാല്‍ ഭരണഘടനയുടെ 26 ബി അനുഛേദമനുസരിച്ച് ആചാരസംരക്ഷണത്തിന്‍റെ ഭാഗമായി 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി വിധിച്ചത്. സമാനമായ കാര്യങ്ങള്‍ തന്നെയാണ് ശബരിമല കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയിലുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍, ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ വിശ്വസ സംരക്ഷണത്തിന് അനുകൂലമായ തീരുമാനം ഉണ്ടാകും. അതിന് തയാറാകാതെ ഹൈക്കോടതിയെയും മറ്റും ജനമധ്യത്തില്‍ താറടിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.[yop_poll id=2]