ചട്ടങ്ങള്‍ കാറ്റില്‍ പറത്തി; സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനം പ്രതിസന്ധിയില്‍

Jaihind Webdesk
Saturday, October 22, 2022

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ വിസിമാരുടെ നിയമനങ്ങൾ പ്രതിസന്ധിയിൽ. യുജിസി ചട്ടങ്ങൾ മറികടന്ന് നിയമിച്ച നാല് സർവകലാശാലകളിലെ വിസി നിയമനമാണ് തുലാസിലാകുന്നത്. ചട്ടവിരുദ്ധമായി നിയമിച്ച സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ നിയമനം കഴിഞ്ഞദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

യുജിസി ചട്ടപ്രകാരം സർവകലാശാലകളിലെ വിസി നിയമനത്തിന് മൂന്നുപേരിൽ കുറയാത്ത പേരുകളുള്ള പാനലാണ് സെർച്ച് കമ്മിറ്റി ചാൻസിലർക്ക് നൽകേണ്ടത്. ഈ പാനലിൽ നിന്ന് ചാൻസിലറായ ഗവർണർ വിസി നിയമനം നടത്തും. എന്നാൽ കണ്ണൂർ, കാലടി, എംജി, കേരള, കെടിയു എന്നീ സർവകലാശാലകളിൽ ഈ ചട്ടം മറികടന്നാണ് വിസി നിയമനം നടന്നത്. മൂന്നു പേരുള്ള പാനലിന് പകരം ഒരു പേര് മാത്രമാണ് നിയമനത്തിനായി നിർദ്ദേശിച്ചത്. അതുകൊണ്ടുതന്നെ ഇഷ്ടക്കാരെ വിസിമാരായി നിയമിക്കാൻ കഴിഞ്ഞു. ഒരു പേരുമാത്രം ഗവർണർക്ക് നിർദ്ദേശിക്കുന്നതോടെ പേര് നിർദ്ദേശിച്ച വ്യക്തിക്ക് തന്നെ വിസിയായി നിയമനം നൽകും.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മുൻ ഡീൻ നൽകിയ ഹർജിയിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഹർജി പരിശോധിച്ച സുപ്രീം കോടതി ചട്ടവിരുദ്ധമായി നിയമിച്ച സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കി. സുപ്രീം കോടതിയുടെ ഈ വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർവകലാശാലയിലെ വിസിമാരുടെ നിയമനത്തിൽ ഗവർണർ പുനഃപരിശോധന നടത്തിയാൽ നാലു സർവകലാശാലകളിലെയും വിസി നിയമനങ്ങൾ പ്രതിസന്ധിയിലാകും. കേരള സർവകലാശാല വിസി തിങ്കളാഴ്ച വിരമിക്കുന്നതിനാൽ പുനഃപരിശോധന കേരള സർവകലാശാല വിസിയെ ബാധിക്കില്ല.

ചട്ടങ്ങൾ മറികടന്നുള്ള നിയമനത്തിൽ ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി പരാതിയും നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ നടപടി സ്വീകരിച്ചാൽ നിലവിലെ സർക്കാർ ഗവർണർ പോര് കൂടുതൽ സങ്കീർണ്ണമാകും. വിസിമാരുടെ പദവിയും ചോദ്യംചെയ്യപ്പെടും. കണ്ണൂർ വിസിയുടെ ആദ്യ നിയമനവും ചട്ട വിരുദ്ധമായാണ് നടന്നതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം വിസിമാരോ സർക്കാരോ കോടതിയെ സമീപിക്കുകയാണെങ്കിൽ അതും കൂടുതൽ നിയമക്കുരുക്കുകളിലേക്ക് വഴിവെക്കും.